കരാർവ്യവസ്ഥ പാലിക്കാതെ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീകോം ഒഴിയുമ്പോഴും സർക്കാർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് കരാറിന് വിരുദ്ധം. കരാർലംഘനമുണ്ടായാൽ ടീകോമിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ടായിരിക്കെ, അതിന് വിരുദ്ധമായ തീരുമാനത്തിനെതിരേ പ്രതിപക്ഷവും രംഗത്തെത്തി. സർക്കാർഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ മാത്രമേ ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതുള്ളൂ.

ടീകോമുമായി കരാറുണ്ടാക്കി 13 വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലാണ് സർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് ടീകോം ഒഴിയുന്നത്. പത്തുവർഷത്തിനകം 90,000 തൊഴിലവസരങ്ങളും 8.8 ദശലക്ഷം ചതുരശ്രയടി ഐ.ടി/ ഐ.ടി. ഇതരസ്ഥലമെന്ന വ്യവസ്ഥയും പാലിക്കാത്തതിനാൽ ടീകോം വ്യവസ്ഥകൾ ലംഘിച്ചുവെന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.

പ്രത്യേക സാമ്പത്തികമേഖലയുടെ വിജ്ഞാപനത്തിലോ സ്ഥലം ഏറ്റെടുത്തു നൽകുന്നതിലോ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിനൽകുന്നതിലോ വീഴ്ചവന്നെങ്കിൽ മാത്രമാണ് സർക്കാർ ടീകോമിന് നഷ്‌ടപരിഹാരം നൽകേണ്ടത്.

സ്വതന്ത്ര ഇവാല്യുവേറ്ററുടെ നിയമനത്തിനായുള്ള ശുപാർശ നൽകാൻ സർക്കാർ നിയോഗിച്ച സമിതിയിൽ ടീകോം മുൻ എം.ഡി. ബാജു ജോർജിനെയും ഉൾപ്പെടുത്തിയത് വിവാദമായിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം സർക്കാർ തുടക്കമിട്ട ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡിന്റെ എം.ഡി.യാണ്. ഐ.ടി. മിഷൻ ഡയറക്ടർ, കൊച്ചി ഇൻഫോപാർക്ക് സി.ഇ.ഒ. എന്നിവരാണ് മറ്റംഗങ്ങൾ.

സർക്കാർ വ്യവസ്ഥ ലംഘിച്ചാൽ

1. ടീകോമിന് സ്മാർട്ട്‌സിറ്റി പദ്ധതി ഉപേക്ഷിക്കാം. അങ്ങനെയെങ്കിൽ ടീകോമിന്റെയും അനുബന്ധസ്ഥാപനങ്ങളുടെയും ഓഹരി സർക്കാർ ഏറ്റെടുക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2. സർക്കാരിന്റെ കൈവശമുള്ള മുഴുവൻ ഓഹരിയും ടീകോമിന് ഏറ്റെടുക്കാം. ഇതിന്റെ മൂല്യം നിശ്ചയിക്കുന്നത് സ്വതന്ത്ര വാല്യുവേറ്ററായിരിക്കും. തുടർന്ന് പദ്ധതിയുടെ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ ആസ്തിയിൽ സർക്കാരിന് അവകാശമുണ്ടാകില്ല.

3. കമ്പനി അതുവരെ ചെലവഴിച്ച തുക സർക്കാരിൽനിന്ന് ഈടാക്കാം. ഇത് കണക്കാക്കുന്നത് ടീകോമും സർക്കാരുംചേർന്ന് നിയോഗിക്കുന്ന സ്വതന്ത്ര ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും

ടീകോം വ്യവസ്ഥ ലംഘിച്ചാൽ

ആദ്യം നോട്ടീസ് നൽകും. ആറുമാസം കഴിഞ്ഞിട്ടും വീഴ്ച ആവർത്തിച്ചാൽ ടീകോമിനുള്ള പാട്ടം അവസാനിപ്പിച്ച് മുഴുവൻ ഓഹരിയും സർക്കാരിന് വാങ്ങാം. സർക്കാർ നൽകിയ ഭൂമിയുടെ മൂല്യം 91.52 കോടിയായി കണക്കാക്കും. ഈ സാഹചര്യത്തിൽ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ (എസ്.പി.വി.) ആസ്തികൾക്കുമേൽ ടീകോമിന് അവകാശമുണ്ടാകില്ല.

സർക്കാർ ഇതിനായി ചെലവഴിച്ച തുക എത്രയെന്ന് കണക്കാക്കി ടീകോമിൽനിന്ന് ഈടാക്കാം. ടീകോമും സർക്കാരും സംയുക്തമായി നിയോഗിക്കുന്ന സ്വതന്ത്ര ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും തുകയെത്രയെന്ന് തീരുമാനിക്കുക.