ജർമ്മൻ ഫുട്ബാൾ ഇതിഹാസം ഗെർഡ് മുള്ളർ(75) അന്തരിച്ചു. വെസ്റ്റ് ജർമ്മനിക്കായി 62 മത്സരം കളിച്ച മുള്ളർ 68 ഗോളുകൾ നേടിയിട്ടുണ്ട്. ഹോളണ്ടിനെതിരായ 1974ലെ ലോകകപ്പ് ഫൈനലിൽ നേടിയ ചരിത്ര ഗോളും ഇതിൽ ഉൾപ്പെടുന്നു. 15 വർഷത്തോളം ബയേൺ മ്യൂണിക്കിനായി കളിച്ച ഗെർഡ് 594 മത്സരങ്ങളിൽ നിന്നായി 547 ഗോളുകൾ നേടിയിട്ടുണ്ട്.
ബയേൺമ്യൂണിക്കിനും ആരാധകർക്കും ഇത് കറുത്ത ദിനമാണ്. മഹാനായ സ്ട്രൈക്കറാണ് ഗെർഡ് മുള്ളർ. ദുഃഖകരമായ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നുവെന്ന് ബയേൺ പ്രസിഡന്‍റ് പറഞ്ഞു.1970 ലോകകപ്പിൽ 10 ഗോൾ നേടിയ മുള്ളർ സുവർണ്ണ പാദുകവും സ്വന്തമാക്കി. ടി.എസ്.വിയിലൂടെയാണ് മുള്ളർ കളി തുടങ്ങിയത്. പിന്നീട് 1964ൽ ബയേൺ മ്യൂണിക്കിലെത്തി.
മുള്ളറെത്തി നാല് വർഷത്തിനുള്ളിൽ ബയേൺ ജർമ്മൻ ചാമ്പ്യൻമാരായി. മൂന്ന് യുറോപ്യൻ കപ്പ് വിജയങ്ങളിലും മുള്ളർ ബയേൺ മ്യൂണിക്കിന്‍റെ ഭാഗമായി. ലോക ഫുട്ബാളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിന് ഉടമയായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും(16) റൊണാൾഡോയും(15) അദ്ദേഹത്തെ മറികടന്നു.
Leave a Reply