അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
അതിരാവിലെ ഓഫീസിലേക്ക് പോകുകയും രാത്രി വൈകി വീട്ടിലേയ്ക്ക് വരികയും ചെയ്യുന്ന ആളുകൾ ചിന്തിക്കാറുണ്ടോ പകൽ സമയങ്ങളിൽ തങ്ങൾക്ക് കാണാൻ കിട്ടാറില്ലാത്ത ഒരാളെക്കുറിച്ച് ? ആരെക്കുറിച്ചാണെന്നല്ലേ , നമ്മുടെ സൂര്യനെക്കുറിച്ച് തന്നെ. അധിക സമയം വെയിലത്ത് നിന്നാലുള്ള പ്രശ്നങ്ങളെക്കുറിച്ച് നാം എപ്പോഴും ചർച്ച ചെയ്യാറുണ്ട്. കൂടിയ ചൂട് കാരണം മരണപ്പെടുന്നവരുണ്ട്. അർബുദം ബാധിക്കുന്നവരുണ്ട്. പൊള്ളലേൽക്കുന്നവരുണ്ട്. എന്നാൽ സൂര്യസ്പർശം തീരെ ഏൽക്കാതിരുന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി നാം ചിന്തിച്ചിട്ടുണ്ടോ ? മാറിയ തൊഴിൽ സാഹചര്യങ്ങളിൽ ഒരു ഓഫീസിൽ ഇരുന്നുകൊണ്ട് വെയിലൊന്ന് കാണാൻ ( കൊള്ളാനല്ല ) പോലും സാധിക്കാത്തവർ ആണ് ഏറെയും. കാലാവസ്‌ഥാ വ്യതിയാനങ്ങളുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചിലപ്പോൾ വേനൽ എന്നൊന്ന് ഉണ്ടാവണം എന്നില്ല. വർഷം നീണ്ടു നിൽക്കുന്ന മഴക്കാലമോ മഞ്ഞുകാലമോ വന്നാൽ ? സയൻസ് ഫിക്ഷൻ സിനിമയുടെ കഥ അല്ല , സൂര്യസ്പർശം കുറഞ്ഞാലെന്ത് എന്നുള്ള സാധ്യത തിരയുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ചോദ്യങ്ങൾ മാത്രമാണിത്.
ഉത്തരങ്ങൾ ചെന്നെത്തുക വൈറ്റമിൻ ഡി-യിലേക്കാണ്. സൂര്യപ്രകാശം എൽക്കുമ്പോൾ ലഭിക്കുന്ന വൈറ്റമിൻ ആണ് വൈറ്റമിൻ ഡി. വൈറ്റമിൻ ഡി-യുടെ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. എല്ലുകളുടെ ബലക്കുറവ് , കൈകാലുകളുടെ വൈരൂപ്യം , അർബുദം , ചർമ സംബന്ധിയായ രോഗങ്ങൾ , വിഷാദ രോഗം അങ്ങനെ ആ പട്ടിക നീളുന്നു. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം സൂര്യന്റെ ചൂടേൽക്കുന്നത് കുറഞ്ഞാൽ ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ഉണ്ടാകുന്നത് എന്നതാണ്. ഗുരുതരമായ മാനസിക രോഗാവസ്ഥകളിലേയ്ക്കും നാമെത്തിപ്പെടാം.
നീണ്ടു നിൽക്കുന്ന ശൈത്യകാലമുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് സൂര്യപ്രകാശത്തിൽ നിന്ന് വൈറ്റമിൻ ഡി സ്വീകരിക്കുക എന്നത് അത്ര എളുപ്പമല്ല. അതിനാൽ ഭക്ഷണത്തിലൂടെ വൈറ്റമിൻ ഡി ശരീരത്തിൽ എത്താൻ ആവശ്യമായ ഭക്ഷണം നമ്മുടെ തീൻമേശകളിൽ ഉണ്ടാവണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അയല പോലുള്ള മൽസ്യങ്ങൾ , മുട്ട , വെണ്ണ എന്നിവയുടെ ഉപയോഗം വൈറ്റമിൻ ഡി ശരീരത്തിൽ എത്തിക്കും.
അതിശൈത്യമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ചൂട് കൂടിയ രാജ്യങ്ങളിലേക്ക് വിമാനം കയറുക. സൂര്യൻ മനുഷ്യനും ഭൂമിക്കും മുന്നേ പ്രപഞ്ചത്തിൽ ഉള്ള ആളാണ്. വെയിലിൽ തൊട്ട് കാരണവരെ അറിയാൻ ശ്രമിക്കുക. അതുതന്നെ പ്രകൃതി ചികിത്സ.
Leave a Reply