ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- ഇന്ത്യൻ ഗവൺമെന്റ് പാസാക്കിയ കർഷക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച അന്താരാഷ്ട്ര പോപ് ഗായിക റിഹാനക്കെതിരെയും, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൺബെർഗിനെതിരെയും ഇന്ത്യൻ ഗവൺമെന്റ് ശക്തമായി പ്രതികരിച്ചിക്കുകയാണ്. ഫെബ്രുവരി രണ്ടിനാണ് ഗായിക തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സി എൻ എൻ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രചരിപ്പിച്ചത്. റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തിന് ശേഷം ഇന്ത്യൻ ഗവൺമെന്റ് ഡൽഹി പ്രദേശത്തെ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചത് സംബന്ധിച്ചായിരുന്നു വാർത്ത. റിഹാനയുടെ ട്വീറ്റിന് വൻ പിന്തുണ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ വിദേശ സെലിബ്രിറ്റികൾ വസ്തുതകൾ അറിയാതെ പ്രതികരിക്കരുതെന്ന് ഇന്ത്യൻ ഗവണ്മെന്റ് പ്രതികരിച്ചു. കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനപ്രദമാണ്. അതിനാൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കരുതെന്ന് വിദേശ കാര്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. ശരിയായ വിവരങ്ങൾ അന്വേഷിച്ചതിനു ശേഷം മാത്രമേ പ്രതികരണങ്ങളിലേക്ക് കടക്കാവൂ എന്നും വാർത്താക്കുറിപ്പ് ഓർമിപ്പിക്കുന്നു.

റിഹാനക്കെതിരെ ട്വിറ്ററിൽ മോദി അനുകൂലികൾ വംശീയ അധിക്ഷേപം വരെ നടത്തി. റിഹാന വിഡ്ഢി ആണെന്നും, സമരം നടത്തുന്നത് കർഷകരല്ല മറിച്ചു തീവ്രവാദികളാണെന്നും ബോളിവുഡ് നടിയായ കങ്കണ റണൗട്ട് പ്രതികരിച്ചു. റിഹാനയോടൊപ്പം തന്നെ സ്വീഡിഷ് കാലാവസ്ഥ ആക്ടിവിസ്റ്റായ ഗ്രെറ്റ തൺബെർഗും കർഷകർക്ക് അനുകൂലമായി ട്വിറ്ററിൽ പ്രതികരിച്ചു. ഗ്രേറ്റക്കെതിരെയും ട്വിറ്ററിൽ ശക്തമായ വ്യക്തിഹത്യ നടന്നു കൊണ്ടിരിക്കുകയാണ്.

തങ്ങളുടെ കാർഷിക പ്രവർത്തനങ്ങളിലൂടെ പ്രകൃതിയെ മലിനമാക്കുന്ന കർഷകർക്ക് അനുകൂലമായാണ് പരിസ്ഥിതി പ്രവർത്തക നിൽക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ശാമിക രവി പ്രതികരിച്ചു. കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണപ്രദം ആകും എന്നാണ് ഗവൺമെന്റിന്റെ നിലപാട്. എന്നാൽ ഇത് കോർപ്പറേറ്റ് കമ്പനികളുടെ വളർച്ചയ്ക്ക് മാത്രമേ സഹായിക്കൂവെന്ന് കർഷകർ ആരോപിക്കുന്നു.