അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ലോകസഭാംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ ലണ്ടൻ പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിൽ പുഷ്‌പാഞ്‌ജലി അർപ്പിച്ചതിനു ശേഷം ആരംഭിച്ച പ്രതിഷേധ സംഗമം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും പ്രത്യാശയുമായ രാഹുൽ ഗാന്ധിയെ ഭാരതജനത ആഗ്രഹിക്കുന്ന തലത്തിലെത്തിച്ചു നൽകുവാൻ ഓരോ കോൺഗ്രസ്സുകാരനും ബാധ്യതയുണ്ടെന്ന് കമൽ ദലിവാൾ പറഞ്ഞു. മാതൃ രാജ്യത്തെ അധോഗതി, അരക്ഷിതാവസ്ഥ എന്നിവയിലേക്ക് നയിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുവാൻ ഏവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുവാൻ പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കമൽ കൂട്ടിച്ചേർത്തു.
ലണ്ടനിലെ പാർലമെന്റ് മന്ദിരത്തിന് അഭിമുഖമായും മഹാത്‌മാ ഗാന്ധിയുടെ പ്രതിമയോട് ചേർന്നും നിന്ന് ഐഒസി പ്രവർത്തകർ നരേന്ദ്രമോദിക്ക് എതിരെ ആവേശപൂർവ്വം മുദ്രാവാക്യങ്ങൾ വിളിച്ചു. വെള്ളക്കാരെ തുരത്തിയ ഞങ്ങൾ കൊള്ളക്കാരെ തുരത്തിടും തീർച്ച’, ‘രാഹുൽ ഗാന്ധി നയിച്ചോളൂ ഭാരത ജനത പിന്നാലെ’, ‘മോഡി-അദാനി ബന്ധങ്ങൾ ഇന്ത്യാ രാജ്യത്തിനു ബാധ്യത’ എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങൾ. മോദിക്ക് എതിരെ രൂക്ഷ വിമർശനം നടത്തുന്ന പ്ലകാർഡുകളുമേന്തിയാണ് പ്രവർത്തകർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്.
പ്രതിഷേധ സംഗമത്തിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗുർമിന്ദർ റന്തവാ, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ, നേതാക്കളായ ചേതൻ ശർമ്മ, സുധാകർ ഗൗഡ, തോമസ് ഫിലിപ്പ്, പ്രിയംവദ ഠാക്കൂർ, അജിത് മുതയിൽ എന്നിവർ പ്രസംഗിച്ചു. അപ്പച്ചൻ കണ്ണഞ്ചിറ, ബിജു ജോർജ്, ജോർജ്ജ് ജേക്കബ്, അഷ്‌റഫ്, ജോർജ്ജ്, അശ്വതി നായർ, ജോയൽ, ജോൺ ചാൾസ് മണി, അഷ്റ അംജ്ജും, ഇമാം ഹഗ്, രാകേഷ് ബിക്കുമണ്ഡൽ, ബൽജിന്ദർ ജയിൻപുരി എന്നിവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.
ഇന്ത്യയുടെ പരമമായ ഭരണഘടനയും, ജനാധിപത്യ മതേതര മൂല്യങ്ങളും, സ്വാതന്ത്ര അവകാശങ്ങളും ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന തലത്തിലേക്ക് നയിക്കുന്ന മോദിയുടെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുന്നതിനുള്ള തുടക്കമാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയെന്ന് ഐഒസി നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോൾ നടന്നതെന്ന് നേതാക്കൾ പറഞ്ഞു. പ്രതിഷേധ സംഗമത്തിന് ശേഷം യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുപ്പിൽ വെൽബീയിങ് ആൻഡ് കമ്മ്യൂണിറ്റി ഓഫീസറായി വിജയിച്ച ഐഒസി കേരള ചാപ്റ്റർ അംഗം ബിബിൻ ബോബച്ചനെ ഐഒസി നാഷണൽ കമ്മിറ്റി ആദരിച്ചു.
Leave a Reply