ടെൽ അവീവ്: ഗാസയിൽ യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. കരാറിന്റെ ഭാഗമായി ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം ഭാഗികമായി പിന്മാറിയതായും അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ ഹമാസ് തങ്ങളുടെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കേണ്ട 72 മണിക്കൂർ സമയപരിധിക്ക് തുടക്കമായി.
ചില പ്രദേശങ്ങളിൽ പീരങ്കിയും വ്യോമാക്രമണങ്ങൾക്കുമൊടുവിൽ മാത്രമാണ് സൈനികർ പിന്മാറിയതെന്ന് ഇസ്രയേൽ ഉറപ്പിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഹമാസ് സ്‌നൈപ്പറിന്റെ വെടിയേറ്റ് ഒരു ഐഡിഎഫ് സൈനികൻ കൊല്ലപ്പെട്ടതോടെ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കരാറനുസരിച്ച് 72 മണിക്കൂറിനുള്ളിൽ ജീവിച്ചിരിക്കുന്നതും മരിച്ചതുമായ ബന്ദികളെയെല്ലാം ഹമാസ് കൈമാറേണ്ടതുണ്ട്, എന്നാൽ അതിന് പകരമായി മോചിപ്പിക്കേണ്ട പലസ്തീൻ തടവുകാരുടെ പട്ടികയിൽ ധാരണയില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
മധ്യസ്ഥർ അംഗീകരിച്ച പേരുകൾ ഇസ്രയേൽ പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നാരോപിച്ച് ഹമാസ് ആശങ്ക പ്രകടിപ്പിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത പക്ഷം വീണ്ടും യുദ്ധത്തിലേയ്ക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. “തങ്ങളുടെ കഴുത്തിൽ വാൾ മുറുകുമ്പോഴാണ് ഹമാസ് കരാറിന് സമ്മതിച്ചത്; ആ വാൾ ഇപ്പോഴും അവിടെ തന്നെയുണ്ട്,” എന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply