തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനി തീപിടിച്ചത് കേരളം വളരെ ഞെട്ടലോടെയാണ് കണ്ടത്. ഒരു രാത്രി മുഴുവന്‍ ഫയര്‍ഫോഴ്‌സ് ശ്രമിച്ചിട്ടാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. ഏതാണ്ട് അഞ്ചൂറ് കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. ഈ തീപിടത്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ് കണ്ടെത്തിയത്. ചെറിയൊരു തീപിടുത്തമുണ്ടാക്കി മുതലാളിയെ ഞെട്ടിപ്പിക്കാന്‍ ശ്രമിച്ചത് കൈവിട്ടുപോയെന്നാണ് സൂചന.

മണ്‍വിള വ്യവസായ എസ്‌റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീപിടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായെന്നാണ് കരുതുന്നത്. ചിറയിന്‍കീഴ് കഴക്കൂട്ടം സ്വദേശികളാണ് പോലീസ് കസ്റ്റഡിയിലുളളത്. ഇരുവരും ഫാക്ടറിയിലെ ജീവനക്കാരാണ്. ഫാക്ടറിയിലെ ജീവനക്കാരാണ്. ഫാക്ടറിക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സ്‌റ്റോറില്‍ നിന്നാണ് തീ പടര്‍ന്നത്.

നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവരെ അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായി അറിയുന്നു. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ശമ്പളക്കുറവും ആനുകൂല്യങ്ങള്‍ നല്‍കാത്തതുമാണ് ഇവരെ ഫാക്ടറിക്കു തീ കൊളുത്തുന്നതിലേക്ക് പ്രേരിപ്പിച്ചത്. എന്നാല്‍ കെട്ടിടം പൂര്‍ണമായും കത്തുമെന്നും ഇത്രയും വലിയ ദുരന്തമായി മാറുമെന്നും ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല.

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചപ്പോള്‍ മുതല്‍ ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കമ്പനി ജീവനക്കാരായ മൂന്നു പേരെയും മുമ്പ് പിരിച്ചു വിട്ട രണ്ടു പേരെയും കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലള്ള പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ഡ്യൂട്ടിയിലില്ലായിരുന്ന മൂന്നു പേരെ ഒക്ടോബര്‍ 31 ന് തീപിടിക്കുന്നതിനു മുമ്പ് കാന്റീനു സമീപം കണ്ടിരുന്നതായി കമ്പനിയില്‍ നിന്ന് പോലീസിനു വിവരം കിട്ടിയിരുന്നു.

മൂന്നു കെട്ടിടങ്ങളിലായിട്ടാണ് ഉല്‍പാദനം നടന്നിരുന്നുത്. രണ്ടു കെട്ടിടങ്ങളും അവയിലെ യന്ത്രങ്ങളും സാധനങ്ങളുമാണ് കത്തി നശിച്ചത്. മൂന്നാമത്തെ കെട്ടിടത്തിനു തീ പിടിക്കാതെ തടയാന്‍ കഴിഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച വൈദ്യുതി ബന്ധം ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. അതേസമയം ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വൈകും