ജയൻ എടപ്പാൾ

ലണ്ടൻ : ലോക കേരളസഭ യുകെ- യൂറോപ്പ് മേഖലാ സമ്മേളനത്തിന് ഇന്ന് ലണ്ടനിൽ തിരിതെളിയും. മുഖ്യമന്ത്രിയും മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ് , വീണ ജോർജ് എന്നിവരും പി ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള നോർക്ക പ്രതിനിധികളും എത്തിക്കഴിഞ്ഞു. സമ്മേളനം ചരിത്രമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്.

ഇന്നലെ ലണ്ടനിലെത്തിയ ബഹു മുഖ്യമന്ത്രി പിണറായി വിജയനെ ലോകകേരളസഭാംഗവും ചീഫ് കോർഡിനേറ്ററുമായ എസ് ശ്രീകുമാർ ലോകകേരള സഭാംഗവും ജോയിന്റ് കോർഡിനേറ്ററുമായ സി എ ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ് , വീണ ജോർജ് എന്നിവരും നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്ൻ, എ ഐ സി ജനറൽ സെക്രട്ടറി ഹർസെവ് ബെയിൻസ് , കൈരളി യുകെ പ്രതിനിധികൾ ഉൾപ്പെടെയുള്ള സംഘടന നേതാക്കളോടുമൊപ്പം കാറൽമാക്സിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഹൈഗേറ്റിലുള്ള സിമിത്തേരിയിൽ എത്തി പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ലണ്ടനിലെ മാർക്സ് മെമ്മോറിയൽ ലൈബ്രറിയിൽ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു. എ ഐ സി ജനറൽ സെക്രട്ടറി ഹർസെവ് ബെയിൻസ്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിയോസ് പോൾ ഉൾപ്പെടെയുള്ള വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മാർക്സ്‌ മെമ്മോറിയൽ ലൈബ്രറി ട്രസ്റ്റി പ്രൊഫ മേരി ഡേവീസ് സ്വാഗതവും മന്ത്രി പി രാജീവ് നന്ദിയും പറഞ്ഞു.

യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ലോകകേരള സഭാംഗങ്ങളെകൂടാതെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ വ്യക്തികളും സാംസ്കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളുമുൾപ്പെടെ പരമാവധി 125 പേരെയാണ് ലണ്ടനിൽ ഇന്ന് നടക്കുന്ന പ്രതിനിധിസമ്മേളനത്തിലേക്ക് പ്രതിനിധികളായി ക്ഷണിക്കപ്പെട്ടിട്ടുള്ളത്. കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാവും .നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തെപ്പറ്റിയും, പ്രവാസി സമൂഹവും സംഘടനകളുമുള്‍പ്പടെ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ നടക്കും. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും .


കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്തു ചേര്‍ന്ന മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനോടോപ്പം ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് സമ്മേളനം ചേരുന്നത്.യൂറോപ്യന്‍ മേഖലയിലെ ലോക കേരള സഭാ അംഗങ്ങളും, വിവിധ തൊഴില്‍ മേഖലയില്‍ നിന്നുളള ക്ഷണിക്കപ്പെട്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ച മലയാളികളും വിദ്യാര്‍ഥി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ക്ഷണിതാക്കളായി എത്തും.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി. രാജീവ്,വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്ജ് , നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡല്‍ഹിയിലെ സര്‍ക്കാര്‍ ഒ.എസ്.ഡി വേണു രാജാമണി,നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം. എ യൂസഫലി, ഡയറക്ടര്‍മാരായ രവി പിളള, ആസാദ് മൂപ്പന്‍, ഒ. വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോന്‍, സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശരി എന്നിവരും പങ്കെടുക്കും.

ലോക കേരള സഭയുടെ നേതൃത്വത്തില്‍ പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്ങ്ങള്‍കൂടി കേള്‍ക്കാനുംപരിഹരിക്കാനും ലക്ഷ്യം വച്ചു കൊണ്ടാണ് മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേശീയ ഗാനത്തോടെയാണ് ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ചീഫ് സെക്രട്ടറി വി പി ജോയി ലോകകേരളസഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ എ എസ് മൂന്നാം ലോക കേരള സഭയുടെ സംഷിപ്ത അവലോകനം നടത്തും. ആശംസ പ്രസംഗങ്ങൾക്ക് ശേഷം നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ ,നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.രവി രാമന്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ.എം. അനിരുദ്ധന്‍, എന്നിവര്‍ യഥാക്രമം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാവും. നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തെപ്പറ്റിയും, പ്രവാസി സമൂഹവും സംഘടനകളുമുള്‍പ്പടെ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ നടക്കും. രാവിലെ നടക്കുന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ കേരള വികസനത്തിന് നാഴികക്കല്ലായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പൊതു പ്രതികരണങ്ങൾക്കും മന്ത്രിമാരുടെ വിശദീകരണങ്ങൾക്കും ശേഷം മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും. ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ലോകകേരളസഭ അംഗവുമായിരുന്ന അന്തരിച്ച ടി ഹരിദാസിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരദാനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സ്പീക്കറിന്റെ സമാപന സന്ദേശത്തോടെയാണ് രാവിലത്തെ പ്രതിനിധി സമ്മേളനം സമാപിക്കുന്നത്.

വൈകിട്ട് നാലു മണിക്ക് ലണ്ടനിലെ ഫെൽത്താം ടുഡോർ പാർക്കിൽ നടക്കുന്ന ‘കേളീരവം’ എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളോടെയാണ് പൊതുസമ്മേളനത്തിന് തുടക്കം കുറിക്കുന്നത് . യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എഴുപത്തഞ്ചോളം കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ ആണ് കേളീരവം എന്ന പേരിൽ അരങ്ങേറുന്നത് എന്നും സംഘാടകർ അറിയിച്ചു. ബഹു മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രവാസി സംഗമത്തിൽ മന്ത്രിമാർ, നോർക്ക റൂട്ട്സ് പ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. തുടർന്നും അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളോടെ പൊതുസമ്മേളനവും പ്രവാസി സംഗമവും സമാപിക്കും. പൊതു സമ്മേളനത്തിന് എത്തുന്നവര്‍ക്ക് സൗജന്യ കാര്‍പാര്‍ക്കിംഗ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

യുകെയിൽ ആദ്യമായി നടത്തുന്ന ലോക കേരള സഭ യുകെ- യൂറോപ്പ് കോൺഫ്രൻസിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഒരു ചരിത്ര സംഭവമാക്കുവാൻ എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാവണമെന്ന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാറും കേരളത്തിന്റെ വികസന സ്വപ്നങ്ങളും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യപ്പെടുന്ന ലോകകേരളസഭ സമ്മേളനവും കലാസാംസ്കാരിക പരിപാടികളും വിജയത്തിലെത്തിക്കുവാൻ മുഴുവൻ ആളുകളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറയും ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫും അഭ്യർത്ഥിച്ചു.

പൊതുസമ്മേളന വേദി : Tudor Park, Felthom, London. TW13 7EF. സമയം :4 പി എം (9/10/22)