ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അതിൻറെ പ്രതാപം വീണ്ടെടുത്തു. വീണ്ടും യൂറോപ്പിലെ ഏറ്റവും വലിയ ഓഹരി വിപണിയായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മാറിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയുടെ ഓഹരി വിപണി രണ്ടു വർഷത്തിനിടെ ആദ്യമായാണ് യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള വിപണിയായി കിരീടം തിരിച്ചുപിടിച്ചത്.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം തിങ്കളാഴ്ച 3.18 ട്രില്യൺ ഡോളർ ആണ്. ബ്ലൂംബെർഗ് ഡാറ്റ പ്രകാരം പാരീസിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ മൊത്തം മൂല്യം 3.13 ട്രില്യൺ ഡോളർ ആണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ മുന്നേറ്റത്തെ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയുടെയും വളർച്ചയുടെയും പ്രധാന നാഴികല്ലായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനശ്ചിതത്വം മൂലം ഫ്രഞ്ച് വിപണി ഇടിഞ്ഞതാണ് ലണ്ടൻ വിപണിയുടെ മുന്നേറ്റത്തിന് സഹായകരമായത്.

2022 നവംബറിന് മുമ്പ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റ് ആയിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രി ലിസ് ട്ര സിന്റെ മിനി ബഡ്ജറ്റ്, പൗണ്ടിന്റെ നില ദുർബലമായത്, രാജ്യത്ത് മാന്ദ്യം ഉണ്ടാകുമെന്ന ഭയം, ബ്രെക്സിറ്റിന്റെ തുടർന്നുണ്ടായ പ്രശ്നങ്ങൾ എന്നീ കാരണങ്ങളാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മോശം പ്രകടനത്തിന് കാരണമായതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നത്. 2016 -ൽ പാരിസിനേക്കാൾ 1.4 ട്രില്യൺ ഡോളർ കൂടുതലായിരുന്നു ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിപണിമൂല്യം. ഇപ്പോൾ ഫ്രാൻസിലെ രാഷ്ട്രീയ ആനശ്ചിതാവസ്ഥ അവിടുത്തെ വിപണിമൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. മറിച്ച് യു കെയിൽ മുഖ്യധാരാ പാർട്ടികളായ ലേബറും കൺസർവേറ്റീവ് പാർട്ടിയും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്ന നയ സമീപനം സ്വീകരിക്കുമെന്ന് പ്രകടനപത്രിയിൽ വ്യക്തമാക്കിയത് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് കരുത്തായതായാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.