കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് ആഭിമുഖ്യത്തിൽ ( 09/09/2023 ശനിയാഴ്ച ) വൂഡ്റഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഈ വർഷത്തെ ഓണാഘോഷം 2023 നടത്തപ്പെട്ടു.റെഡിച്ചിൽ മലയാളികളായിട്ടുള്ള തദ്ദേശീയരും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായ നിരവധി മലയാളികൾ ആഘോഷപരിപാടിയിൽ സന്നിഹിതരായി.

രാവിലെ പത്തു മണിക് തുടങ്ങിയ ചടങ്ങില്‍ റെഡിച്ച് മേയർ ശ്രീ സൽമാൻ അക്‌ബർ , റെഡിച്ച് കൗൺസിലർമാർ ആയ ശ്രീ ജോ ബേക്കർ , ശ്രീ ബിൽ ഹാർട്നെറ് , യുക്മാ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പ്രസിഡന്റ് ശ്രീ ജോർജ് തോമസ് മുഖ്യാതിഥികൾ ആയിരുന്നു . സെക്രട്ടറി മാത്യു വർഗീസ് സ്വഗതം പറഞ്ഞു. അധ്യക്ഷൻ ആയി കെ.സി.എ അസോസിയേഷൻ പ്രസിഡന്റ് ജോയ് ദേവശ് ശേയ് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും സ്ഫുരിക്കുന്ന ദീപ്തമയ ചിന്തകൾ എന്നും മനസിലും പ്രവർത്തിയിലും ഉണ്ടാകട്ടെയെന്നും എല്ലാവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ടും ഏവരെയും ഓണാഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് മഹാബലി തമ്പുരാനെ ചെണ്ടമേളത്തിന്റെയും പുലികളുയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.മാവേലിയായി ബിനു ജോസഫ് വേഷമിട്ടു. അതിനുശേഷം ഈവർഷത്തെ സ്പോർട്സ് എവറോളിങ് ട്രോഫികൾ,ഓണംമാസം കാലയളവിലെ എല്ലാവിധ കായിക സാംസ്‌കാരിക മത്സരങ്ങൾകുള്ള ട്രോഫികൾ , സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. കൂടാതെ കഴിഞ്ഞ വർഷ GCSE,A ലെവൽ ഉയർന്ന മാർക്കുകൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചു.

അതിനെ തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത 20 ഓളം സംഘനൃത്തങ്ങളും തിരുവതിര, നാടകം തുടങ്ങിയ സാംസ്കാരികതയെ വിളിച്ചോതുന്ന തനത് നൃത്ത ശില്പങ്ങളും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിച്ച നിരവധി ഗായകരും പരിപാടികളെ ഉന്നത നിലവാരം പുലർത്തുന്നതാക്കിമാറ്റി.

പ്രോഗ്രാമിന്റെ അവതാരകർ ആയി ജയ് തോമസ് , ഒലിവിയ , അഞ്ജനാ , നീനുമോൾ , സിജി , സരിതാ എന്നിവർ മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. കെ.സി.എ ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി. വിഭവ സമൃദമായ ഓണ സദ്യക്ക് ശേഷവും കലാപരിപാടികള്‍ തുടര്‍ന്നു, വൈകുന്നേരം ഏഴ് മണിക്ക് ഓണാഘോഷത്തിന് തിരശീല വീണു.

പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ശ്രീ ജയ് തോമസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.