മോഷ്ടിക്കപ്പെടുന്ന ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ തീവ്രവാദികള്‍ക്ക് വില്‍ക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വെസ്‌റ്റേണ്‍ യൂറോപ്പിലെ ക്രിമിനല്‍ സംഘങ്ങള്‍ മോഷ്ടിക്കുന്ന ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ ഇസ്താംബുളിലും ഏതന്‍സിലും മറ്റും എത്തിച്ച് കള്ളക്കടത്തുകാര്‍ വില്‍ക്കുകയാണെന്ന് ഡെയ്‌ലി മെയില്‍ വെളിപ്പെടുത്തുന്നു. ജിഹാദികള്‍ക്കും ക്രിമിനലുകള്‍ക്കും ഒരു ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിക്കുകയെന്നാല്‍ ലോട്ടറിയടിച്ചതിനു തുല്യമാണെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. സുഗമമായ രാജ്യാന്തര യാത്രകള്‍ക്ക് ഇത് ഉപകരിക്കും. വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ സുരക്ഷാവീഴ്ച പരിഹരിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ അതേ മുഖഛായയുള്ള അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടീഷുകാര്‍ പാസ്‌പോര്‍ട്ടുകള്‍ വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബാള്‍ക്കന്‍സില്‍ വ്യാജ യൂറോപ്യന്‍ യൂണിയന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍മിച്ചു നല്‍കുന്നതായും ഇവ അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കുന്നതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ടര്‍ക്കിയിലെ മനുഷ്യക്കടത്തുകാരനായ അബു അഹമ്മദ് എന്നയാളില്‍ നിന്ന് ഡെയ്‌ലി മെയില്‍ ലേഖകന്‍ 2500 പൗണ്ടിന് ഒരു യുകെ പാസ്‌പോര്‍ട്ട് വാങ്ങുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന ഇയാള്‍ മനുഷ്യക്കടത്ത് മാഫിയയിലെ പ്രധാനിയാണ്. ഇയാളുടെ കയ്യിലുണ്ടായിരുന്ന 5 പാസ്‌പോര്‍ട്ടുകളില്‍ ഒന്നാണ് മെയില്‍ വാങ്ങിയത്. ബ്രസല്‍സില്‍ ജോലി ചെയ്യുന്ന മില്‍ട്ടന്‍ കെയിന്‍സ് എന്നയാളുടെ പാസ്‌പോര്‍ട്ടാണ് മെയില്‍ ലേഖകന് ലഭിച്ചത്. പാരീസില്‍ സന്ദര്‍ശനത്തിനെത്തിയ ഓക്‌സ്‌ഫോര്‍ഡ് ബിരുദധാരിയില്‍ നിന്ന് മോഷ്ടിച്ചതാണ് അഹമ്മദിന്റെ കയ്യിലുണ്ടായിരുന്ന മറ്റൊരു പാസ്‌പോര്‍ട്ട്. സ്‌പെയിനില്‍ ഹോളിഡേയ്ക്ക് പോയ മാഞ്ചസ്റ്റര്‍ സ്വദേശിനിയുടേതായിരുന്നു മറ്റൊന്ന്. ഇയാള്‍ ഈ വിധത്തില്‍ 10 പേര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെന്നും ഏഴുപേര്‍ യുകെയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളെ കയറ്റി അയച്ച കുറ്റത്തിന് 8 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ഇയാള്‍ കേസില്‍ അപ്പീല്‍ നല്‍കിയതിന്റെ ജാമ്യത്തിലാണ്. ജിഹാദികളെയും ഇയാള്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം അയച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 110,000 പൗണ്ട് വരെയാണ് ഇതിലൂടെ ഇയാളുടെ മാസ വരുമാനം. മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ടുകളുടെ വിതരണക്കാരാണ് തുര്‍ക്കിയിലും ഗ്രീസിലും പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തുകാരെന്ന് യൂറോപ്യന്‍ പോലീസ് ഏജന്‍സിയായ യൂറോപോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.