ഏബ്രഹാം കുര്യൻ

കേരള പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിച്ച നൂറു ദിന വെർച്ച്വൽ ആഘോഷ പരിപാടിയായ മലയാളം ഡ്രൈവിന്റെയും യു കെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടനം വെർച്യുൽ പ്ലാറ്റ് ഫോമിലൂടെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് നിർവ്വഹിച്ചു. നവോദ്ധാന പ്രസ്ഥാനം പോലെ തന്നെ ഐക്യ കേരള പ്രസ്ഥാനത്തെയും പ്രാധാന്യത്തോടെ വിലയിരുത്തേണ്ടതാണെന്ന് അഭിപ്രായപ്പെട്ട പ്രൊഫ. സുജ സൂസൻ ജോർജ് മലയാളികൾ കേരളത്തിന്റെ അതിർ വരമ്പുകൾക്കപ്പുറം ലോക മലയാളികളായി വളർന്നതിൽ ഐക്യ കേരള പ്രസ്ഥാനവും പ്രവാസി മലയാളികളും വഹിച്ച പങ്കും അനുസ്മരിച്ചു.

ഇൻഡ്യയിലും വിദേശത്തുമായി നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള കേരള ലളിതകലാ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടുകയും, ലോകോത്തര മാസികയായ ആർട്ട് റിവ്യൂ എന്ന മാഗസിനിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 കലാകാരൻമാരുടെ പട്ടികയിൽ 2015 മുതൽ 2019 വരെ സ്ഥാനം പിടിക്കുകയും, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഫൗണ്ടർ പ്രസിഡന്റും കൊച്ചി മുസിരിസ് ബിനാലെ എക്സിബിഷന്റെ ഡയറക്ടറുമായി പ്രവർത്തിക്കുന്ന ശ്രീ ബോസ് കൃഷ്ണമാചാരി ആശംസകൾ നേർന്ന് സംസാരിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഭാഷാ പ്രചരണ പരിപാടിയായ മലയാളം ഡ്രൈവ് യു കെയിൽ മലയാള ഭാഷയുടെ വളർച്ചക്കും കേരള സംസ്കാരം നിലനിർത്തുന്നതിനും സഹായകമാകട്ടെയെന്നും ആശംസിച്ച അദ്ദേഹം ഏപ്രിൽ മാസത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന പഠനോത്സവത്തിന് വിജയാശംസകളും നേർന്നു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിവരിച്ച മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി ഏബ്രഹാം കുര്യൻ വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി സി. എ ജോസഫ് വിശിഷ്ടാതിഥികൾക്ക് നന്ദി പറഞ്ഞതോടൊപ്പം മലയാളം ഡ്രൈവിന്റെയും ഫേസ് ബുക്ക് പേജിന്റെയും രൂപകൽപ്പന നിർവ്വഹിക്കുന്ന പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസറിനെയും ബേസിൽ ജോണിനെയും ജനേഷ് നായരെയും മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കൃതജ്ഞത അറിയിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് മുരളി വെട്ടത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി ലോകം മുഴുവൻ ഡിജിറ്റൽ യുഗത്തിലൂടെ കടന്നു പോകുമ്പോൾ മലയാളം മിഷനും നൂതന സാങ്കേതിക വിദ്യയിലൂടെ അതിജീവനത്തിന്റെ പാതയിലൂടെ തന്നെ മുന്നേറുകയാണ്. മലയാളം മിഷൻ യുകെ ചാപ്റ്ററിനു കീഴിലുള്ള വിവിധ മേഘലകൾക്കും അവയ്ക്കു കീഴിലുള്ള വിവിധ സ്ക്കൂളുകൾക്കും ഫേസ് ബുക്ക് പേജ് ഉണ്ടായിരുന്നുവെങ്കിലും മലയാളം മിഷൻ യുകെ ചാപ്റ്ററിനു കീഴിലുള്ള എല്ലാ സ്ക്കൂളുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും റിസോഴ്സുകൾ പങ്കുവയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ് ബുക്ക് പേജ് ആരംഭിച്ചത്. കൂടാതെ ലോക് ഡൗണിന്റെയും സാമൂഹ്യ അകലം പാലിക്കേണ്ടതുമായ സമയത്തുള്ള കേരള പിറവി ആഘോഷത്തിനും മലയാള ഭാഷാ പ്രചരണത്തിനും നേതൃത്വം നൽകുവാൻ വെർച്ച്വൽ പ്ലാറ്റ്ഫോമിലുള്ള നൂറു ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവും നടന്നു കൊണ്ടിരിക്കുന്നു. അതിൻ്റെ ഭാഗമായി നവംബർ 8 ഞായറാഴ്ച യു കെ സമയം വൈകുന്നേരം നാലുമണിക്ക് മലയാളം മിഷൻ റജിസ്ട്രാർ എം സേതുമാധവൻ “മലയാളം മലയാളി മലയാളം മിഷൻ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്ക് ലൈവിലൂടെ പ്രഭാഷണം നടത്തുന്നതാണ്. അദ്ധ്യാപക ട്രെയ്നിംഗിലൂടെ മലയാളം മിഷൻ അദ്ധ്യാപകർക്ക് സുപരിചിതനായ എം സേതു മാധവൻ കേരളത്തിലെ സ്ക്കൂൾ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന ഡയറ്റിന്റെ മേധാവിയും ആയിരുന്നു..

  കേരളത്തിന് കൈത്താങ്ങായി ഏഴ് വയസ്സുകാരൻ മുതൽ ബ്രിട്ടീഷുകാരി വരെ , സമീക്ഷ യുകെ കോവെന്ററി - വാർവിക്ക് ബ്രാഞ്ചിന്റെ ബിരിയാണി ചലഞ്ചിൽ വ്യത്യസ്ത അനുഭവം

മലയാളം മിഷന്റെ യു കെയിലെ പ്രവർത്തനങ്ങൾക്ക് പതിമൂന്നംഗ പ്രവർത്തക സമിതി നേതൃത്വം നൽകുന്നു. ആ പ്രവർത്തക സമിതിയെ സഹായിക്കാൻ അരുൺ തങ്കത്തിന്റെ നേതൃത്വത്തിൽ ഒരു ഒൻപതംഗ ഉപദേശക സമിതിയും ജയപ്രകാശ് സുകുമാരന്റെ നേതൃത്വത്തിൽ നാലംഗ വിദഗ്ദ്ധ സമിതിയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

വിവിധ സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയുള്ള വരുംദിനങ്ങളിലേക്കുള്ള ഫേസ് ബുക്ക് ലൈവിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും സംഘാടകർ അറിയിച്ചു. തുടർന്നു നടക്കുന്ന എല്ലാ ലൈവ് പ്രോഗ്രാമുകളിലും എല്ലാ മലയാള ഭാഷാ സ്നേഹികളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അഭ്യർത്ഥിക്കുന്നു.

കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നടന്ന മലയാളം ഡ്രൈവിന്റേയും ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടന പരിപാടി കാണുവാൻ താഴെകൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.facebook.com/MAMIUKCHAPTER/videos/1595003764040986/

മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന എല്ലാ പരിപാടികളും കാണുവാൻ താഴെകൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഈ ഒഫീഷ്യൽ പേജ് എല്ലാ ഭാഷാസ്നേഹികളും ലൈക്ക് ചെയ്തും സബ്സ്ക്രൈബ് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

https://www.facebook.com/MAMIUKCHAPTER/live/