ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടകരുടെ സമ്മർദത്തിന് വഴങ്ങി ഇംഗ്ലണ്ടിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അവതരിപ്പിച്ചുകഴിഞ്ഞു. ആദ്യ ലോക്ക്ഡൗണിന്റെയത്ര കർശനമല്ലെങ്കിലും ഈ ലോക്ക്ഡൗണിലും ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹെയർഡ്രെസ്സർമാർ, അവശ്യമല്ലാത്ത കടകൾ എന്നിവ അടച്ചുപൂട്ടും. ഒപ്പം പൊതുജനങ്ങളോട് സ്വഭവനങ്ങളിൽ തന്നെ തുടരാൻ ആവശ്യപ്പെടും. നവംബർ 5 വ്യാഴാഴ്ച പുലർച്ചെ 12.01 മുതൽ ഡിസംബർ 2 ബുധനാഴ്ച വരെയാണ് രണ്ടാം ലോക്ക്ഡൗൺ കാലാവധി. ഡിസംബർ 2 മുതൽ നിലവിലെ ത്രിതല സംവിധാനത്തിലേക്ക് മടങ്ങാനാണ് ജോൺസൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. പുതിയ ലോക്ക്ഡൗൺ ഇംഗ്ലണ്ടിനു മാത്രം ബാധകമാകും. വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവർ ഇതിനകം കർശന നിയമങ്ങൾ നടപ്പാക്കിയിരുന്നു. പുതിയ ലോക്ക്ഡൗണിന്റെ നിബന്ധനകൾ‌ക്ക് വിധേയമായി ജനങ്ങൾക്ക് വീട്ടിൽ തന്നെ കഴിയേണ്ടി വരും. എന്നാൽ വിദ്യാഭ്യാസത്തിനായും വീട്ടിലിരുന്നു ചെയ്യാൻ സാധിക്കാത്ത ജോലിയ്ക്കും വീട് വിട്ടിറങ്ങാം. ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കുമായി മാത്രം ഷോപ്പിംഗ് നടത്തുക.

അടച്ചുപൂട്ടേണ്ട സ്ഥാപനങ്ങളുടെ പട്ടിക ആദ്യത്തെ ലോക്ക്ഡൗണിന് സമാനമായിരിക്കും. ടേക്ക്അവേയും ഡെലിവറിയും ഒഴികെ പബ്ബുകളും ബാറുകളും റെസ്റ്റോറന്റുകളും അടച്ചിരിക്കണം. ഒപ്പം ഹെയർഡ്രെസ്സറുകളും ജിമ്മുകളും അടയ്ക്കും. ആരാധനാലയങ്ങൾ സ്വകാര്യ പ്രാർത്ഥനയ്ക്കായി തുറന്നിട്ടിരിക്കും. സ്വിമ്മിംഗ് പൂൾ, വാട്ടർ തീം പാർക്ക്‌, തിയേറ്ററുകൾ, മ്യൂസിയം, കാസിനോ, ബിങ്കോ ഹാളുകൾ, മൃഗശാല തുടങ്ങിയവും അടച്ചിടാൻ ഒരുങ്ങുകയാണ്. വ്യത്യസ്ത വീടുകളിൽ നിന്നുള്ള കൂടിച്ചേരലിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജോലിയ്ക്കും വിദ്യാഭ്യാസത്തിനും ആയുള്ള യാത്ര അനുവദിക്കുമെങ്കിലും കഴിവതും വീട്ടിൽ തന്നെ കഴിയാനാണ് ആളുകളോട് ആവശ്യപ്പെടുന്നത്. റൂൾ ഓഫ് സിക്സ് നിയമം ലോക്ക്ഡൗൺ സമയത്ത് മാറ്റിസ്ഥാപിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യ ലോക്ക്ഡൗണിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.
• വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ യാത്ര ചെയ്ത് ജോലിയിൽ തുടരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
• എൻ എച്ച് എസും മറ്റു ഹെൽത്ത്‌ സെന്ററുകളും ആളുകൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.
• കളിസ്ഥലങ്ങൾ തുറന്നുകിടക്കും. പ്രീമിയർ ലീഗ് മത്സരങ്ങൾക്കും വിലക്കില്ല.
• പാർക്ക് പോലുള്ള തുറസ്സായ സ്ഥലത്ത് ആളുകൾക്ക് മറ്റൊരു വീട്ടിൽ നിന്നോ ബബിളിൽ നിന്നോ ഉള്ള ഒരാളെ മാത്രം കണ്ടുമുട്ടാൻ സാധിക്കും.

വിവാഹത്തിന് 15 ആളുകൾക്കും ശവസംസ്കാരത്തിന് 30 ആളുകൾക്കും സാമൂഹിക അകലം പാലിച്ച് പങ്കെടുക്കാം. കൊറോണ വൈറസിനെ തടയാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി യുകെയിലുടനീളമുള്ള ആളുകൾക്കും ബിസിനസുകൾക്കും അധിക സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. സർക്കാരിന്റെ കൊറോണ വൈറസ് ജോബ് റിട്ടെൻഷൻ സ്കീം ഡിസംബർ വരെ നീട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക നിയന്ത്രണ പിന്തുണാ ഗ്രാന്റിന് കീഴിൽ ഇംഗ്ലണ്ടിൽ അടയ്ക്കാൻ നിർബന്ധിതരായ ബിസിനസുകൾക്ക് പ്രതിമാസം 3,000 പൗണ്ട് വരെ ഗ്രാന്റുകൾ ലഭിക്കും. ഈ ലോക്ക്ഡൗൺ തീരുമാനം ചർച്ചയ്ക്കും വോട്ടെടുപ്പിനും വിധേയമാകും. ബുധനാഴ്ച ആണ് വോട്ട്. ലോക്ക്ഡൗണിനെ പിന്തുണയ്ക്കുമെന്ന് ലേബർ പാർട്ടി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തും.

അതേസമയം ഡിസംബർ 2 ന് തന്നെ ഇംഗ്ലണ്ടിന്റെ പുതിയ ലോക്ക്ഡൗൺ അവസാനിക്കുമെന്നതിൽ ഉറപ്പില്ലെന്ന് മൈക്കൽ ഗോവ് അറിയിച്ചു. ആർ നിരക്ക് 1 ന് താഴെയാക്കണമെന്ന് കാബിനറ്റ് ഓഫീസ് മന്ത്രി പറഞ്ഞു. ടെസ്റ്റ്‌, ട്രേസിങ്, ഐസൊലേഷൻ എന്നിവയ്ക്കായി സർക്കാർ ഈ സമയം ഉപയോഗിച്ചില്ലെങ്കിൽ ഡിസംബർ 2 ന് ഫലപ്രദമായി പുറത്തുവരാൻ കഴിയില്ലെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി.