രാത്രിയിൽ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെതന്നെ ആ അമ്മയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരം. അതിന്റെ നടുക്കത്തിൽനിന്ന് ഇതുവരെ മുക്തയായിട്ടില്ല നെല്ലാച്ചേരിയിലെ തോട്ടോളിമീത്തൽ ഷീബ. ഷീബയുടെ മകൻ അക്ഷയ് ആണ് നെല്ലാച്ചേരിയിലെ കുനിക്കുളങ്ങര പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടുപേരിൽ ഒരാൾ.

രാത്രി മുഴുവൻ മകനെ കാത്തിരുന്ന് വരാതായതോടെയാണ് ഷീബ രാവിലെതന്നെ മകനെത്തേടിയിറങ്ങിയത്. അറിയാവുന്ന ചിലരോട് അക്ഷയ് വീട്ടിലെത്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. വീടിനുസമീപത്തെ കുനിക്കുളങ്ങര പറമ്പിൽ വെറുതേ നോക്കാൻ പോയതാണ്. അപ്പോഴാണ് അക്ഷയും രൺദീപും മരിച്ചുകിടക്കുന്നതു കണ്ടത്. സമീപത്തുതന്നെ ശ്രീരാഗിനെ അവശനിലയിൽ കാണുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിയുന്നത്.

ഷീബയുടെ ഭർത്താവ് ബാബുവും മൂത്തമകൻ അർജുനും ഖത്തറിലാണ്. അതുകൊണ്ടുതന്നെ അക്ഷയ് ആണ് തുണ. മകൻ മരിച്ചുകിടക്കുന്നത് നേരിട്ടുകണ്ട ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയുന്നില്ല നാട്ടുകാർക്കും ബന്ധുക്കൾക്കും. ഭർത്താവും മൂത്തമകനും ഖത്തറിൽനിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

വേനൽച്ചൂടിന് ശക്തി കൂടുംമുമ്പേത്തന്നെ വെള്ളിയാഴ്ച കുന്നുമ്മക്കരയുടെയും നെല്ലാച്ചേരിയുടെയും ഗ്രാമീണമനസ്സിന് തീപിടിച്ചിരുന്നു. രണ്ടു യുവാക്കൾ കുനിക്കുളങ്ങര പറമ്പിൽ മരിച്ചുകിടക്കുന്നു, ഒരാൾ അവശനിലയിൽ. രാവിലെ എട്ടുമണിയോടെത്തന്നെ വാർത്ത കാട്ടുതീപോലെ പടർന്നു. എന്തുപറ്റിയെന്ന ചോദ്യങ്ങൾക്കൊടുവിൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള സൂചനകൾ പുറത്തുവന്നു. സിറിഞ്ച് കണ്ടെത്തിയതോടെ പലരും നടുങ്ങി. തീർത്തും ഗ്രാമീണമേഖലയായ നെല്ലാച്ചേരിയിലും മയക്കുമരുന്ന് നീരാളി എത്തിയോ എന്ന ആശങ്കയും നടുക്കവുമെല്ലാം നാട്ടുകാരിൽ നിറഞ്ഞു. അമ്മമാർ നെടുവീർപ്പിട്ടു.

ഏറാമല പഞ്ചായത്ത് നെല്ലാച്ചേരി 16-ാം വാർഡിലെ കുനികുളങ്ങര പറമ്പ് മുമ്പ് ആരും അടുക്കാത്ത കാടുകയറിയ പ്രദേശമായിരുന്നു. പഴകിയ ഒരു തറവാട് വീട്, വാഹനങ്ങൾ എത്തിപ്പെടില്ല, ഒരുഭാഗം പള്ളിപ്പറമ്പ്, മറുഭാഗം കാടുനിറഞ്ഞ നാഗക്ഷേത്രം. എന്നാൽ, അടുത്തകാലത്തായി പല കൈമാറ്റങ്ങൾ കാരണം പ്രദേശം മാറിത്തുടങ്ങി. കാടുകൾ വെട്ടിത്തെളിച്ചു, പഴയവീട് പൊളിച്ചുമാറ്റി. മൂന്നുഭാഗത്തും വഴികൾ തെളിഞ്ഞു. ടർഫ് പണിയാനുള്ള സ്ഥലമൊരുങ്ങി. അടുത്ത പറമ്പിൽ മൊബൈൽ ടവർ വന്നു. മൊയിലോത്ത് നാഗഭഗവതിക്ഷേത്രം പുനരുദ്ധാരണം നടത്തി ആൾപ്പെരുമാറ്റമുള്ള ക്ഷേത്രമായി മാറി.

പൊതുവേ നല്ല മാറ്റങ്ങളാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുമ്പോഴും വെള്ളിയാഴ്ച നാടിനെയാകെ നടുക്കിയ വാർത്തയ്ക്കാണ് ഈ പറമ്പ് സാക്ഷ്യംവഹിച്ചത്. ഇൗ സ്ഥലം മദ്യം-മയക്കുമരുന്ന് ഉപയോഗത്തിന് പലരും ഉപയോഗിക്കുന്നതായി പറയുന്നുണ്ടെങ്കിലും സ്ഥിരമായി ആരും വരാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മയക്കുമരുന്ന് വിൽപ്പന നടത്തുകയും ഒട്ടേറെപ്പേരെ ഇതിലേക്ക് കൊണ്ടുവരുകയും ചെയ്യുന്ന ഓർക്കാട്ടേരി സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിൽ 11 പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായി ഉണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ഒരു സ്ഥലത്തും ഇവർ സ്ഥിരം കേന്ദ്രമാക്കില്ല.

ഒന്നോ രണ്ടോ ദിവസംകൊണ്ട് സ്ഥലം മാറുന്നതാണ് രീതി. സ്ഥലത്തുനിന്ന് ഉപയോഗിക്കാത്തതായി അഞ്ച് സിറിഞ്ചുകളാണ് കിട്ടിയത്. ഉപയോഗിച്ചതായി മൂന്നെണ്ണവും. അവശനിലയിൽ കണ്ടെത്തിയ യുവാവിനോട് പോലീസ് പല ചോദ്യങ്ങളും ചോദിച്ചെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകുന്നത്. അവർക്ക് എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ഉറങ്ങുകയാണെന്നായിരുന്നു മറുപടി.

എടച്ചേരി ഇൻസ്പെക്ടർ സുധീർ കല്ലൻ, എസ്.ഐ. വി.കെ. കിരൺ, എ.എസ്.ഐ. വി.വി. ഷാജി, ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥരായ നീതു, എ.കെ. ജിജീഷ് പ്രസാദ്, എക്സൈസ് പ്രിവൻറീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ, കെ. വിനോദ്, കെ.എം. സോമസുന്ദരൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. സുനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

കെ.കെ. രമ എം.എൽ.എ., പഞ്ചായത്ത് പ്രസിഡൻറ് ടി.പി. മിനിക, സി.പി.എം. ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ്, എം.കെ. രാഘവൻ, കെ.എം. ദാമോദരൻ, പി. രാജൻ, ആർ.എം.പി.ഐ. സംസ്ഥാനസെക്രട്ടറി എൻ. വേണു, കോട്ടയിൽ രാധാകൃഷ്ണൻ, കുളങ്ങര ചന്ദ്രൻ പി.പി. ജാഫർ, പി.കെ. ജമാൽ, ടി.എൻ. റഫീക്ക്, ജി. രതീഷ്, വി.കെ. ജസീല, നുസൈബ മൊട്ടമ്മൽ, ടി.കെ. രാമകൃഷ്ണൻ, ഒ. മഹേഷ് കുമാർ, കെ.പി. ബാലൻ തുടങ്ങിയവർ സ്ഥലത്തെത്തി.

വടകര: മയക്കുമരുന്ന് യുവത്വത്തിന് മരണക്കുരുക്കായി മാറുന്ന സംഭവങ്ങൾ നാൾക്കുനാൾ വർധിക്കുന്നു. വടകര മേഖലയിൽമാത്രം ഒരുവർഷത്തിനിടെ ആറു യുവാക്കൾ മരിച്ചത് മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്നാണെന്നാണ് സംശയം. കൊയിലാണ്ടിയിലും അടുത്തിടെ ഒരു യുവാവ് മരിച്ചു. വെള്ളിയാഴ്ച ഏറാമല കുന്നുമ്മക്കരയിലെ ഒഴിഞ്ഞ പറമ്പിൽ രണ്ടു യുവാക്കൾ മരിച്ച സംഭവത്തോടെ ഇത്തരത്തിലുള്ള മരണങ്ങൾ സംബന്ധിച്ചും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെക്കുറിച്ചും പോലീസ് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ സെപ്റ്റംബറിൽ കൈനാട്ടി മേൽപ്പാലത്തിന്റെ അടിവശത്ത് പ്രവാസിയായ യുവാവിനെ മരിച്ചനിലയിൽ കാണപ്പെട്ടത് ഏറെ വിവാദമായിരുന്നു. പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്ന ആരോപണം തുടക്കംമുതൽ ഉയർന്നു. ഏതോ വീട്ടിൽ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ചെന്നും അവശനായതോടെ രണ്ടുപേർ ചേർന്ന് മോട്ടോർസൈക്കിളിൽ ഇരുത്തി പാലത്തിനടിയിൽ ഉപേക്ഷിച്ചെന്നുമായിരുന്നു സംശയം. ഒടുവിൽ ഇത് തെളിയുന്നത് ജനുവരിയിലാണ്. തുടർന്ന് പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് മൂന്നാളുകളുടെപേരിൽ കേസെടുത്തു. ഇതിൽ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു.

ഏറാമലയിൽത്തന്നെ മൂന്നുമാസംമുമ്പ് ഒരു യുാവിനെ ഇടവഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലും വില്ലനായത് മയക്കുമരുന്നുതന്നെയെന്നാണ് സംശയം. കൊയിലാണ്ടിയിൽ കഴിഞ്ഞമാസം ഒരു യുവാവിനെ മരിച്ചനിലയിലും മറ്റൊരു യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു. ഇതിലും സംശയം നീണ്ടത് മയക്കുമരുന്ന് ഉപയോഗത്തിലേക്കാണ്.

ആറുമാസംമുമ്പ് ഓർക്കാട്ടേരി ടൗണിനു സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലും വടകര ടൗണിലെ ലോഡ്ജിൽ യുവാവ് മരിച്ച സംഭവത്തിലുമെല്ലാം പ്രതിസ്ഥാനത്ത് മയക്കുമരുന്നുതന്നെയെന്നാണ് പോലീസ് സംശയം. പക്ഷേ, പല മരണങ്ങളിലും വ്യക്തമായ ഉത്തരം കിട്ടുന്നില്ല. മരണത്തോടെ അന്വേഷണങ്ങളും അവസാനിക്കുകയാണ്. മയക്കുമരുന്ന് മാഫിയകൾ താവളമാക്കുന്ന ഒട്ടേറെ ഇടങ്ങൾ ഓരോ ടൗണുകളിലുമുണ്ട്. നാട്ടിൻപുറങ്ങളിൽപ്പോലും ഇത്തരം കേന്ദ്രങ്ങളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ, ഇവിടങ്ങളിൽ തുടരെ പരിശോധന നടത്തി നടപടികൾ ശക്തമാക്കുന്നതിൽ പോലീസും എക്സൈസുമെല്ലാം പരാജയമാണെന്ന് ആക്ഷേപമുണ്ട്.

വിവിധ യുവജനസംഘടനകളും ഇതിൽ നിസ്സംഗമാണെന്നാണ് കുന്നുമ്മക്കര സംഭവം ഉൾപ്പെടെ തെളിയിക്കുന്നത്. കുന്നുമ്മക്കരയിലെ ഒഴിഞ്ഞ പറമ്പ് പോലെയുള്ള ഇടങ്ങൾ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർക്ക് നാടൊട്ടാകെയുണ്ട്. ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തി പോലീസിന് വിവരം കൈമാറാൻ സാധിക്കുക യുവജനസംഘടനകൾക്കും മറ്റുമാണ്.

മയക്കുമരുന്നുപയോഗമാണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഇവിടെനിന്ന് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സിറിഞ്ചുകളും മരണപ്പെട്ട ഒരാളുടെ പോക്കറ്റിൽനിന്ന് വെളുത്ത പൊടിയും കണ്ടെത്തി. ഇത് പരിശോധനയ്ക്കായി അയച്ചു. പൊടി ചൂടാക്കിയതെന്ന് സംശയിക്കുന്ന കുപ്പിയുടെ മൂടിയും കണ്ടെത്തി.

കുന്നുമ്മക്കര തോട്ടോളി മീത്തൽ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30) എന്നിവരാണ് മരിച്ചത്. കുന്നുമ്മക്കരയിലെ ചെറുതുരുത്തി ശ്രീരാഗിനെ (23) അവശനിലയിൽ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്കുമാറ്റി. കുനിക്കുളങ്ങര പറമ്പിലെ മൊബൈൽ ടവറിന് സമീപത്താണ് രണ്ടുപേരുടെയും മൃതദേഹം കണ്ടത്. മരിച്ച അക്ഷയിന്റെ വീട് ഇതിനു സമീപത്തായാണ്.

രാത്രിയിൽ അക്ഷയ് വീട്ടിൽ വരാത്തതിനെത്തുടർന്ന് അമ്മ ഷീബ രാവിലെ ഈ പറമ്പിലെത്തി നോക്കിയപ്പോഴാണ് മൂന്നുപേർ കിടക്കുന്നതുകണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. എടച്ചേരി പോലീസും സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്ത് തെളിവുശേഖരിച്ചു. വടകര ഡിവൈ.എസ്.പി. കെ. വിനോദ്കുമാർ, എടച്ചേരി ഇൻസ്‌പെക്ടർ സുധീർ കല്ലൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മയക്കുമരുന്നിന്റെ അളവ് കൂടിയതോ ഉപയോഗിച്ചതിലെ അപാകമോ ആണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസ് സംശയം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമായ വിവരം ലഭിക്കും.

മരണപ്പെട്ട രൺദീപിന്റെ പേരിൽ കഞ്ചാവ് പിടികൂടിയതിന് ഉൾപ്പെടെ എടച്ചേരി, വടകര സ്റ്റേഷനുകളിലും വടകര എക്‌സൈസിലും കേസുണ്ട്.

ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെയും കമലയുടെയും മകനാണ് രൺദീപ്. സഹോദരങ്ങൾ: രജിലേഷ്, രഗിലേഷ്. തോട്ടോളിമീത്തൽ ബാബു(ഖത്തർ)വിന്റെയും ഷീബയുടെയും മകനാണ് അക്ഷയ്. സഹോദരൻ: അർജുൻ (ഖത്തർ).