വാഷിംഗ്ടണ്‍: മുസ്ലീം സമൂഹത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. ചില ആളുകളുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഴുവന്‍ മുസ്ലീങ്ങളെയും ഒറ്റപ്പെടുത്തരുതെന്നാണ് ഒബാമ പറയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ഒബാമ എത്തിയത്.
യുഎസിലേക്ക് മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞാണ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നത്. യുഎസിലെ മസ്ജിദുകള്‍ അടച്ചുപൂട്ടണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. മുസ്ലീങ്ങളെ യുഎസില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന പ്രസ്താവന അംഗീകരിക്കാനാവില്ലെന്നാണ് ഒബാമ പറഞ്ഞത്.

ഒരു വിശ്വാസത്തിനെതിരായ ആക്രമണം എല്ലാ മതവിശ്വാസത്തിനും എതിരായ ആക്രമണമാണെന്നാണ് ഒബാമ അഭിപ്രായപ്പെട്ടത്. മുസ്ലീങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. തീവ്രവാദങ്ങള്‍ക്കെതിരെ എല്ലാവരും ഒരുമിച്ചു നിന്ന് പോരാടണമെന്നും ഒബാമ പറയുകയുണ്ടായി. യുഎസിലെ മുസ്ലീം പള്ളി സന്ദര്‍ശിച്ചതിനുശേഷമാണ് ഒബാമ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രസംഗത്തിനിടെ അമേരിക്കയിലെ മുസ്ലീങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.