കൊല്ലം : ബൈക്കിൽ മകനൊപ്പം യാത്രചെയ്യവേ പിൻസീറ്റിലിരുന്ന് കുടനിവർത്തിയ അമ്മ റോഡിൽ വീണു മരിച്ചു. ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണുഭവനിൽ ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്. പുത്തൂർ-ചീരങ്കാവ് റോഡിൽ ഈരാടൻമുക്കിനുസമീപം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗീതാകുമാരിയമ്മ മകൻ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. യാത്രാമധ്യേ മഴപെയ്തപ്പോൾ കുടനിവർത്തി. ഈസമയം എതിർദിശയിൽ വാൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിൽപ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു. തലയിടിച്ചാണ് വീണത്.

പരിക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിക്കാൻ മകൻ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിർത്തിയില്ല. പിന്നീടെത്തിയ കാറിൽ എഴുകോൺ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ശശിധരൻ പിള്ള. മരുമകൾ: ആര്യ. എഴുകോൺ പോലീസ് തുടർനടപടി സ്വീകരിച്ചു.