ന്യൂഡല്‍ഹി : ഹിന്ദുസ്ഥാന്‍ യൂണിലിവറിനു പിന്നാലെ കോസ്‌മെറ്റിക്‌സ് കമ്പനിയായ ലോറിയലും ഉത്പന്നങ്ങളിലെ വംശീയച്ചുവയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു. വൈറ്റ്, ഫെയര്‍, ലൈറ്റ് എന്ന പരാമര്‍ശങ്ങള്‍ ഉത്പന്നങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ലോറിയല്‍ അറിയിച്ചിരിക്കുന്നത്. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന പേരിൽ ലോകവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ തുടർന്നാണ് കമ്പനികൾ വിപ്ലവാത്മകമായ പേരു മാറ്റങ്ങൾ കൊണ്ടുവരുന്നത്.
‘ഫെയര്‍ ആന്‍ഡ് ലവ്‌ലി’ ഉത്പന്നങ്ങളുടെ ‘ഫെയര്‍’ എടുത്തു കളയുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നടത്തിയത്.തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കമ്പനിയുടെ തീരുമാനം.
യുഎസ്സില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡ് വംശീയാധിക്ഷേപത്തില്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ തുടര്‍ന്ന് ലോകവ്യാപകമായി ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്ന പ്രക്‌ഷോഭം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെളുപ്പ് കറുപ്പിനേക്കാള്‍ നല്ലതാണെന്ന തരത്തിലുള്ള വംശീയ കാഴ്ച്ചപ്പാട് പുലര്‍ത്തുന്ന കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ ലോകമാകമാനമുള്ള കോസ്‌മെറ്റിക് കമ്പനികളെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ലോറിയലും നയം മാറ്റം കാണിക്കുന്നത്. അവരുടെ പ്രധാനപ്പെട്ട ഒരു ഉത്പന്നത്തിന്റെ പേര് തന്നെ ‘വൈറ്റ് പെര്‍ഫക്ട്’ എന്ന വംശീയച്ചുവ പുലര്‍ത്തുന്ന പേരാണ്.
Leave a Reply