ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരളത്തിലെ നാടൻ രുചികളുടെ അംബാസിഡർ. ഒറ്റവാക്കിൽ ലോകപ്രശസ്തമായ ബ്രിട്ടീഷ് നാഷണൽ അവാർഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജോമോൻ കുര്യാക്കോസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കൊഞ്ചു തീയൽ ,മത്തങ്ങ എരിശ്ശേരി, വെള്ളയപ്പം തുടങ്ങി രസം വരെ ഫൈവ് സ്റ്റാർ സ്റ്റൈലിൽ രുചി വ്യത്യാസമില്ലാതെ ആധുനിക രീതിയിൽ അവതരിപ്പിക്കാനുള്ള ജോമോൻറെ കഴിവിനുള്ള അംഗീകാരമാണിത്. വളർന്നുവന്ന നാടിൻറെ ഗൃഹാതുരത്വം നിറഞ്ഞ രുചികളെ ലോകത്തിൻറെ നെറുകയിലെത്തിച്ച ഈ യുകെ മലയാളിയുടെ സന്തോഷത്തിൽ പങ്കു ചേരുകയാണ് ഇന്ന് മലയാളം യുകെയും . ബേസിൽ ജോസഫ്, മീനു നെയ്‌സൺ പള്ളിവാതുക്കൽ, സുജിത് തോമസ് എന്നിവരോടൊപ്പം ജോമോൻ കുര്യാക്കോസിന്റെ രുചിക്കൂട്ടുകൾ മലയാളം യുകെ വീക്കെൻഡ് കുക്കിംഗിലൂടെ യുകെയിലെ മലയാളികൾക്ക് പരിചിതമാണ്.
ആഹാരത്തോടുള്ള ഇഷ്ടം കാരണം ഹോട്ടൽ മാനേജ്മെൻറ് പഠിച്ച് 13 വർഷമായി ലണ്ടനിൽ ജോലിചെയ്യുന്ന ജോമോൻ ഇപ്പോൾ ദി ലാലിറ്റ് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭക്ഷണം വളരെ ശ്രദ്ധയോടെ പാചകം ചെയ്യുന്നതിനൊപ്പം ആകർഷകമായി വിളമ്പുന്നതിലും ജോമോൻ എടുത്ത പരിശ്രമങ്ങളാണ് നമ്മുടെ നാടൻ രുചികളെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ തീൻമേശയിലേക്ക് എത്തിക്കാനുള്ള പ്രധാനകാരണം. ലോക പ്രശസ്ത പാചക പരിപാടിയായ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം കൂടാതെ ഹിന്ദു ,മലയാള മനോരമ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും ജോമോന്റെ പാചകകുറിപ്പുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെയും യുകെയിലെയും വിവിധ കാറ്ററിംഗ് കോളജുകളിലെ ഗസ്റ്റ് ലെക്ചർ പദവി അലങ്കരിക്കുന്ന ജോമോൻ നവ മാധ്യമമായ ക്ലബ് ഹൗസിൽ ഷെഫുമാരുടെയും ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളായ ക്ലബ് കിച്ചൺ, ഇന്ത്യൻ ഗ്യാസ്‌ട്രോണമി, ഫുഡ് സെൻസ് തുടങ്ങിയവയിൽ മോട്ടിവേഷൻ സ്പീക്കറായും പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.
ബ്രിട്ടനിലെമ്പാടുമുള്ള ഷെഫുമാരുടെ സ്വപ്നമായ നാഷണൽ ഷെഫ് ഓഫ് ദി ഇയർ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരങ്ങൾ വരും. അതിൽ നിന്ന് ഏറ്റവും മികച്ച 40 പേരെ തിരഞ്ഞെടുത്താണ് സെമിഫൈനലും ഫൈനലും നടത്തപ്പെടുന്നത് . ഇലയിൽ പൊള്ളിച്ച മീനും തേങ്ങാ ചമ്മന്തിയും ഉണ്ടാക്കി വിധികർത്താക്കളെ ഞെട്ടിച്ചാണ് ജോമോൻ സെമി ഫൈനലിൽ എത്തിയത്. എൽ കെ അദ്വാനി, ലണ്ടൻ മേയർ സാദിഖ് ഖാൻ, സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഒത്തിരി പ്രമുഖർ ജോമോൻറെ നള പാചകത്തിന്റെ രുചി അറിഞ്ഞ് അഭിനന്ദിച്ചവരാണ്. എന്നാൽ അതിലുപരി മൂന്ന് വർഷം മുമ്പ് തിരുവല്ലയിലെ ഗിൽഗാർ ആശ്വാസ ഭവനിലെ അന്തേവാസികൾക്ക് ഒരു നേരം ആഹാരം ഉണ്ടാക്കി കൊടുത്തതിന്റെ മധുരസ്മരണ മറക്കാനാവാത്ത ഓർമ്മയായി ജോമോൻ മലയാളം യുകെയുമായി പങ്കു വച്ചു. ജോലിക്കും ശമ്പളത്തിനും അപ്പുറം വിശപ്പകറ്റുന്നത് ദൈവിക പുണ്യമായി മനസ്സിൽ കണ്ട നിമിഷങ്ങളാണെന്നാണ് അതെക്കുറിച്ച് ജോമോൻ പറഞ്ഞത്.
ഇനി അൽപ്പം കുടുംബകാര്യം. കേരളത്തിൽ റാന്നി സ്വദേശിയായ ജോമോൻറെ ഭാര്യ ലിൻജോ ജോമോൻ ബാസിൽഡിൽ രജിസ്‌റ്റേർഡ് നേഴ്സായി ജോലി ചെയ്യുന്നു. ജോവിയാൻ,ജോഷേൽ ,ജോഷ്‌ലീൻ എന്നിവരാണ് മക്കൾ. പള്ളിവടക്കേതിൽ ജോസ് കോട്ടേജിൽ പിസി കുര്യാക്കോസിന്റെയും സെലിൻ കുര്യാക്കോസിന്റെയും മകനായ ജോമോന്റെ സ്വദേശം കേരളത്തിൽ മാവേലിക്കര തോനക്കാട് ആണ്. ജോമോൻറെ സഹോദരൻ ജിജിമോൻ കുര്യാക്കോസും ഭാര്യ നിഷാ മോളും ഖത്തറിലാണ് ജോലി ചെയ്യുന്നത്.
ഒരേ കോളേജിൽ സീനിയറായി പഠിച്ച ബേസിൽ ജോസഫുമായി ചേർന്ന് മലയാളം യുകെയിൽ വീക്കെൻഡ് കുക്കിംഗിൽ ജോമോനും എഴുതുന്നുണ്ട്. സഹ എഴുത്തുകാരായ ബേസിൽ ജോസഫിനോടും ,സുജിത് തോമസിനോടും, മീനു നെയ്‌സൺ പള്ളിവാതുക്കലുമായും ചേർന്ന് ഒരു ടീമായി വീക്കെൻഡ് കുക്കിംഗ് കൈകാര്യം ചെയ്യുന്നതിന്റെ ആത്മസംതൃപ്തി ജോമോൻ പങ്കുവെച്ചു. ആഴ്ചകൾക്ക് മുൻപ് ജോമോന്റേതായി വീക്കെൻഡ് കുക്കിംഗിൽ പ്രസിദ്ധീകരിച്ച തക്കാളിയും കുഞ്ഞുള്ളിയും ചേർത്തുമൊരിച്ച കൊഞ്ചിൻെറ റെസിപ്പിക്ക് വായനക്കാരുടെ ഇടയിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. സെമി ഫൈനലും ഫൈനലും കടന്ന് ജോമോൻ രുചിക്കൂട്ടുകളുടെ നെറുകയിൽ എത്തി കിരീടം കരസ്ഥമാക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.
Leave a Reply