സംസ്ഥാനം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിനാണ്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഓഗസ്റ്റ് 17 മുതല്‍ തുടങ്ങും.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ബൂത്ത് ചുമതലക്കാരുടെ ശിൽപശാല സംഘടിപ്പിച്ച് കോൺഗ്രസ്. ഇതിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചുമതലക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
മണ്ഡലത്തിലെ 8 പഞ്ചായത്തുകളുടെ ചുമതല മുൻ ഡിസിസി പ്രസിഡന്റുമാർക്കും ഐഎൻടിയുസി ഭാരവാഹികൾക്കുമുൾപ്പടെ വീതിച്ചു നൽകി. അരനൂറ്റാണ്ടോളം ഉമ്മൻചാണ്ടി പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താനുള്ള തയാറെപ്പുകളിലാണ് കോൺഗ്രസ്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. കഴിഞ്ഞ തവണയും ഉമ്മൻ ചാണ്ടിക്കെതിരെ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി തോമസിനാണ് സ്ഥാനാർത്ഥി സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ജെയ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയാണ് ജെയ്ക്. സംസ്ഥാന കമ്മിറ്റിക്ക് ശേഷം എം വി ഗോവിന്ദൻ പുതുപ്പള്ളിയിൽ എത്തി യോഗം വിളിക്കും. യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം വരെയുള്ള നേതാക്കളും പങ്കെടുക്കും.
Leave a Reply