സ്വന്തം ലേഖകൻ
യു കെ :- രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയാണ് ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് ഫോർ, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ, 433300 പേരാണ് രോഗബാധിതരായത്. ഇതനുസരിച്ച് 35,200 പേർക്കാണ് ഒരു ദിവസം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ, ഒരു ദിവസം 27,900 എന്ന കണക്കാണ് ഇപ്പോൾ ഈ വർദ്ധനയിലേക്ക് എത്തിയിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ രോഗ വർദ്ധന രേഖപ്പെടുത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
നോർത്ത് വെസ്റ്റ്, യോർക്ക് ഷെയർ, ഹംബർ, നോർത്തീസ്റ്റ് എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ കഴിഞ്ഞ ആഴ്ചയിൽ മാത്രം 59 പേരിൽ ഒരാൾക്ക് എന്ന കണക്കിലാണ് രോഗ ബാധ പടരുന്നത്. വെയിൽസിലും രോഗബാധ വർദ്ധിക്കുന്നു എന്ന കണക്കുകൾ ആണ് പുറത്തു വരുന്നത്. നോർത്തേൺ അയർലൻഡിൽ 250 പേരിൽ ഒരാൾക്ക് എന്ന കണക്കു മാറി, ഇപ്പോൾ 100 പേരിൽ ഒരാൾക്ക് എന്ന കണക്കിലാണ് രോഗം പടരുന്നത്.
വെയിൽസിൽ നാഷണൽ ലോക്ക്ഡൗൺ വൈകുന്നേരം ആറ് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സ്കോട്ട്‌ലൻഡിലും കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അധികൃതർ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ജനങ്ങൾ എല്ലാവരുംതന്നെ ജാഗ്രത തുടരണമെന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
Leave a Reply