ഷിബു മാത്യൂ.
ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബ്രിട്ടണില്‍ അകെ മരണം 9875. ഇതു വരെ രോഗം സ്ഥിതീകരിച്ചവര്‍ 78,758. ഇന്ന് മാത്രം മരിച്ചവര്‍ 917. ഇന്ന് രോഗം സ്ഥിതീകരിച്ചവര്‍ 8719. കാര്യങ്ങള്‍ ഇത്രയും ഗൗരവാവസ്ഥയില്‍ എത്തിയിട്ടും ബ്രിട്ടണിലെ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രദേശിക സമൂഹത്തിന് അപകടത്തിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല എന്നത് ഖേദകരം. വളരെ വൈകിയെങ്കിലും ഗവണ്‍മെന്റും NHS ഉം നിര്‍ദ്ദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങളൊന്നും ആരും പാലിക്കുന്നില്ല എന്നതാണ് പരിതാപകരം. ഈസ്റ്റര്‍ ആഴ്ചയില്‍ ബ്രിട്ടണിലെ ചൂട് പതിവിന് വിപരീതമായി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാങ്ക് ഹോളിഡേ ഉള്‍പ്പെട്ട ഈസ്റ്റര്‍ വീക്കെന്റില്‍ ആരും പുറത്തിറങ്ങരുതെന്നുള്ള ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശവുമുണ്ട്. താപനില ഇപ്പോള്‍ 23°C ആയിരിക്കെ ബ്രിട്ടണിലെ പല റോഡുകളിലും പാര്‍ക്കുകളിലും ജനത്തിരക്കേറുന്ന കാഴ്ചയാണിപ്പോള്‍. ഭര്‍ത്താവും ഭാര്യയും മക്കളും വളര്‍ത്തുനായ്ക്കളുമടങ്ങുന്ന ബ്രട്ടീഷ് കുടുംബം ആസ്വദിച്ചുല്ലസിച്ച് നിരത്തുകളില്‍ ചുറ്റിത്തിരിയുകയാണ്.

ഗവണ്‍മെന്റും NHS ഉം മുന്നോട്ട് വെയ്ക്കുന്ന ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിക്കാതെ നിരവധി മലയാളി കുടുംബങ്ങളെയും ഇന്ന് നിരത്തില്‍ കാണുവാനിടയായി. ഐസൊലേഷനില്‍ കഴിയുന്ന നിരവധി മലയാളി കുടുംബങ്ങളില്‍ നിന്ന് ഈസ്റ്റര്‍ ഷോപ്പിംഗിനായി എത്തിയവര്‍ ധാരാളമെന്ന് മലയാളം യുകെ ഗ്ലാസ്‌കോ, ബര്‍മ്മിംഗ്ഹാം, മാഞ്ചെസ്റ്റര്‍, ലെസ്റ്റര്‍, ഡെര്‍ബി, ലണ്ടന്‍, കാര്‍ഡിഫ് ബ്യൂറോകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോറിസ്സണ്‍, ടെസ്‌ക്കൊ, ആസ്ടാ, സെയിന്‍സ്ബറി, അല്‍ദി എന്നീ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലായിരുന്നു മലയാളികളുടെ തിരക്കനുഭവപ്പെട്ടത്. (ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല). ഐസൊലേഷനില്‍ കഴിയുന്നത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവും, ഭര്‍ത്താവാണെങ്കില്‍ ഭാര്യയും ഷോപ്പിംഗിനിറങ്ങുകയാണ്. ഭാഗ്യവശാല്‍ കുട്ടികളെ ഇതില്‍നിന്നിവര്‍ ഒഴിവാക്കിയിട്ടുണ്ട് എന്നത് സന്തോഷകരം തന്നെ. ഇതില്‍ ഭൂരിഭാഗവും NHSല്‍ ജോലി ചെയ്യുന്നവരാണെന്നുള്ളത് എടുത്ത് പറയേണ്ടതുമുണ്ട്. വൈറസ് പടരുന്ന സാധ്യതകളും സുരക്ഷാ രീതികളും മറ്റാരേക്കാളും നന്നായി അറിയാവുന്നവര്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ല എന്നത് അതിശയോക്തിക്ക് വകയേകുന്നു. സുരക്ഷാ സംവിധാനങ്ങളില്‍ കേരളം മുന്നിലെന്ന് ലോകം വിളിച്ച് പറയുമ്പോള്‍ യുകെയിലെ കേരളീയര്‍ കാണിക്കുന്ന നിരുത്തരവാദിത്വപരമായ സമീപനം കേരളത്തിനു തന്നെ നാണക്കേടുണ്ടാക്കും എന്നതില്‍ സംശയം തെല്ലും വേണ്ട.

യുകെയില്‍ മലയാളി മരണങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. പല NHS ഹോസ്പിറ്റലുകളിലും മലയാളികള്‍ മരണത്തെ മുഖാമുഖം കാണുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല വീടുകളിലും മലയാളികള്‍ ഐസൊലേഷനില്‍ കഴിയുകയാണിപ്പോള്‍. പലര്‍ക്കും ചികിത്സ പോലും ലഭിക്കുന്നില്ല. ആതുരസേവന രംഗത്ത് യുകെയെ ശുശ്രൂഷിക്കുന്ന മലയാളികള്‍ സമൂഹത്തിന് മാതൃകയാകേണ്ടതുണ്ട്.