ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ ട്രെൻഡിന് തുടക്കം കുറിക്കുകയാണ് പ്രവാസികൾ. യുകെ, അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ കഴിയുന്ന മധ്യകേരളത്തിലെ കുടുംബങ്ങൾ കേരളത്തിലെ തങ്ങളുടെ വസ്തുക്കൾ വിറ്റൊഴിയുന്നതായാണ് റിപ്പോർട്ട്. വിദേശത്ത് സ്ഥിരതാമസമാക്കാൻ താൽപ്പര്യപ്പെടുന്ന കുടുംബങ്ങളാണ് കുടുംബ സ്വത്തടക്കം വിറ്റ് പണമാക്കുന്നത്. ഇത് വിദേശത്തു നിക്ഷേപിക്കുന്നുമുണ്ട്. മധ്യകേരളത്തിലെ ജില്ലകളിലുടനീളം ഈയൊരു പ്രവണതയ്ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന രാജ്യങ്ങളിൽ വീട് വാങ്ങാനോ മറ്റു നിക്ഷേപങ്ങൾ നടത്താനോ ഈ പണം ഉപയോഗിക്കുന്നു.
കാനഡ പോലെയുള്ള രാജ്യത്ത് ഇന്ത്യക്കാരുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. കാനഡയിലെ ടോറന്റോ പോലെയുള്ള പ്രധാന നഗരങ്ങൾ മലയാളികളുടെ സ്വപ്നങ്ങൾക്ക് ഗതിവേഗം പകരുന്നു. യുകെയിൽ സ്ഥിരതാമസമാക്കിയ മലയാളികളും ഈ ട്രെൻഡിലേക്ക് തിരിഞ്ഞുകഴിഞ്ഞു. നാട്ടിൽ നിന്ന് പണം കൊണ്ടുവന്ന് വിദേശത്തു വീട് വാങ്ങുന്നവരുടെ എണ്ണവും ഉയർന്നു.
യുഎസ്, ഓസ്ട്രേലിയ, കാനഡ, യുകെ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മലയാളികൾ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിവരുന്നുണ്ട്. പലയിടങ്ങളിലും അടുത്തിടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പ് ഉണ്ടായത് നിക്ഷേപകർക്ക് നേട്ടമായതിന് പിന്നാലെ കൂടുതൽ പേർ നിക്ഷേപത്തിന് തയാറാകുന്നുണ്ട്. പല രാജ്യങ്ങളിലും വീട് വാങ്ങുന്നതിനായി 100 ശതമാനം വരെ വായ്പ ലഭ്യമാണ്. അതിന്റെ തിരിച്ചടവാകട്ടെ ഇപ്പോൾ നൽകുന്ന വാടകയുടെ അത്രയുമാകില്ല എന്നതും നേട്ടമായി കണക്കാക്കുന്നു. ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ തങ്ങളുടെ പണം അവിടെ തന്നെ നിക്ഷേപിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും പ്രവാസികൾ കരുതുന്നു.
Leave a Reply