തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂളിലെ ഒരു കെട്ടിടഭാഗം തിങ്കളാഴ്ച വൈകിട്ട് തകർന്നുവീണു. പഴക്കമേറിയ ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂര താങ്ങിനിർത്തിയിരുന്ന തടി ദ്രവിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഓടുകളും സീലിങ്ങും ഉൾപ്പെടെ കെട്ടിടത്തിന്റെ വലിയൊരു ഭാഗം നിലംപൊത്തി.
അപകടസമയത്ത് വിദ്യാർഥികളും അധ്യാപകരും സ്കൂൾ വിട്ടുപോയിരുന്നതിനാൽ ദുരന്തം ഒഴിവായി. എസ്.എസ്.കെ. ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ ചില മുറികളാണ് തകർന്നത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളും അപകടാവസ്ഥയിലായതിനാൽ പ്രദേശത്തേക്ക് പ്രവേശിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പുറമേ പെയിന്റ് ചെയ്ത് നവീകരിച്ച നിലയിലായിരുന്നെങ്കിലും കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.











Leave a Reply