ലണ്ടന്‍: വീടുകളും പ്രോപ്പര്‍ട്ടികളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ലണ്ടനിലേക്ക് കുതിക്കുന്ന കാലം ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കാനായി തെരഞ്ഞെടുക്കുന്നത് യുകെയിലെ മറ്റൊരു നഗരമാണ്. എഡിന്‍ബറയ്ക്കാണ് ആ ബഹുമതി. സൂപ്ല എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരമാണ് ഇത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ശരാശരിയേക്കാള്‍ 145 ശതമാനം അധികം താല്‍പര്യം സ്‌കോട്ട്‌ലന്‍ഡ് തലസ്ഥാനമായ ഈ നഗരത്തിലെ പ്രോപ്പര്‍ട്ടികളില്‍ ആളുകള്‍ കാണിച്ചുവെന്നാണ് വിവരം. ക്രോയ്‌ഡോണ്‍ ആണ് ഇതിനു പിന്നാലെയെത്തുന്നത്. ബ്രിട്ടനിലെ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് 104 ശതമാനം അധികം അന്വേഷണങ്ങളാണ് ക്രോയ്‌ഡോണിലെ പ്രോപ്പര്‍ട്ടികള്‍ക്ക് ഉണ്ടായത്.

രാജ്യത്തെ ഏറ്റവും ആവശ്യക്കാരുള്ള പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ട് ഏതാണെന്ന് കണ്ടെത്തുന്നതിനായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സൂപ്ല വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയ എസ്റ്റേറ്റ് ഏജന്റുമാരുടെയും വീടുകള്‍ അന്വേഷിക്കുന്നവരുടെയും ഇമെയിലുകള്‍ വിശകലനം ചെയ്താണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. സെന്‍ട്രല്‍ ലണ്ടന്‍ 77 ശതമാനം അന്വേഷണങ്ങളുമായി മൂന്നാം സ്ഥാനത്തും ഗ്ലാസ്‌ഗോ 67 ശതമാനം അന്വേഷണങ്ങളുമായി നാലാം സ്ഥാനത്തുമെത്തി.

എഡിന്‍ബറയിലും ക്രോയ്‌ഡോണിലും വീടുകള്‍ അന്വേഷിക്കുന്നവര്‍ ഗാരേജ് ഉള്ള വീടുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സെന്‍ട്രല്‍ ലണ്ടനില്‍ ഫ്രീഹോള്‍ഡ് അവകാശത്തിനാണ് പ്രാമുഖ്യം. സൈറ്റിലെ കീവേര്‍ഡുകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയത്. പ്രാദേശികമായി നോക്കിയാല്‍ തലസ്ഥാനത്ത് ഗ്രേറ്റര്‍ ലണ്ടിനിലാണ് വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്. ദേശീയ ശരാശരിയില്‍ 93 ശതമാനമാണ് നിരക്ക്. 40 ശതമാനവുമായി സ്‌കോട്ട്‌ലന്‍ഡാണ് ഇതിനു പിന്നിലുള്ളത്.