അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
വാക്സിനേഷൻ ആരംഭിച്ച അന്നു തന്നെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനെക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് -19 എതിരെയുള്ള വാക്സിൻ പൂർണമായും സുരക്ഷിതവും ഫലപ്രദവുമാണ് എന്ന വാർത്ത വന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമായി. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് വാക്‌സിൻ പൂർണ്ണവിജയം കണ്ട വാർത്ത ഗവേഷകർ പ്രസിദ്ധീകരിച്ചത്. നേരത്തെ നടത്തിയ പഠനത്തിൽ ഭൂരിഭാഗവും 55 വയസ്സിൽ താഴെയുള്ളവരിൽ ആയിരുന്നു. എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം പ്രായമായവരിലും ഓക്സ്ഫോർഡ് വാക്സിൻ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്തങ്ങോളമിങ്ങോളമുള്ള ശാസ്ത്രജ്ഞരുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് 20000 കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പരീക്ഷണങ്ങളുടെ ഫലം പുറത്തു വിട്ടിരിക്കുന്നത്.
എന്നാൽ ഓക്സ്ഫോർഡ് വാക്‌സിൻെറ കാര്യത്തിൽ എത്ര ഡോസ് നൽകണം മുതലായ കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും ചില അവ്യക്തതകൾ ഉണ്ട് എന്നാണ് വിദഗ്ധാഭിപ്രായം. രണ്ടാഴ്ചമുമ്പ് ഓക്സ്ഫോർഡ് വാക്‌സിൻെറ ഫലപ്രാപ്തി 70%, 62%, 90% എന്നീ രീതിയിലാണെന്നുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്. തെറ്റായ ഡോസ് നൽകിയവരിൽ 90 ശതമാനം വിജയം കണ്ടതായുള്ള റിപ്പോർട്ടുകളും ഓക്സ്ഫോർഡ് വാക്‌സിനെക്കുറിച്ച് വന്നിരുന്നു.
ഉടനെ അംഗീകാരം ലഭിക്കുകയാണെങ്കിൽ ഓക്സ്ഫോർഡ് വാക്സിൻ മഹാമാരിയെ നേരിടുന്നതിൽ സുപ്രധാന പങ്കു വഹിക്കും എന്നാണ് കരുതപ്പെടുന്നത്. 100 ദശലക്ഷം ഓക്സ്ഫോർഡ് വാക്‌സിനാണ് യുകെ മുൻകൂട്ടി ഓർഡർ ചെയ്തിരിക്കുന്നത്. ഓക്സ്ഫോർഡ് വാക്‌സിൻെറ വിജയം ഇന്ത്യയ്ക്കും ശുഭ സൂചനകളാണ് നൽകുന്നത്. മറ്റുപല വാക്സിനുകളെ അപേക്ഷിച്ച് ഓക്സ്ഫോർഡ് വാക്സിന് വില കുറവാണ്. അതുമാത്രമല്ല മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട ഫൈസർ വാക്സിനെ അപേക്ഷിച്ച് ഓക്സ്ഫോർഡ് വാക്‌സിൻ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും താരതമ്യേന എളുപ്പവുമാണ്.
ഇന്നലെ ലോകത്തിൽ ആദ്യമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്പിന് യുകെയിൽ തുടക്കം കുറിച്ചു. 91 കാരിയായ മാർഗരറ്റ് കീനൻ ഫൈസറിൻെറ കോവിഡ് -19 വാക്സിൻ കുത്തിവെയ്പ്പ് എടുത്ത ലോകത്തിലെ ആദ്യ വ്യക്തിയായി. അതോടൊപ്പം കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ആദ്യ രാജ്യമായി യുകെ മാറിയത് ബ്രിട്ടൻെറ ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമായി.
Leave a Reply