40 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച പുൽവാമയിലെ ആക്രമണം പാകിസ്താൻ ഭരണകൂടത്തിന്റേ അറിവോടെയെന്ന് ദേശീയ അസംബ്ലിയിൽ പ്രസ്താവന നടത്തി പാകിസ്താൻ മന്ത്രി. പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേട്ടമെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയാണ് പരസ്യമായി രംഗത്തെത്തിയത്. ഇമ്രാൻ ഖാന്റെ ഏറ്റവും വലിയ നേട്ടമെന്നാണ് പുൽവാമയിൽ ഇന്ത്യൻ സൈനികർക്ക് നേരെ നടന്ന ഭീകരാക്രമണത്തെ പാക് മന്ത്രി വിശേഷിപ്പിച്ചത്.

‘ഇമ്രാന്റെ നേതൃത്വത്തിന് കീഴിലെ ഏറ്റവും വലിയ നേട്ടമാണിത്. നമ്മൾ ഇന്ത്യയിലേക്ക് കടന്ന് കയറി അവരെ പ്രഹരിച്ചു. അവരുടെ മണ്ണിൽവെച്ച് തന്നെ ആക്രമിച്ചു. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടമാണ് പുൽവാമ. ഈ വിജയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കും പങ്കുണ്ട്’- ഫവാദ് ചൗധരി രാജ്യത്തെ പാർലമെന്റിൽ അവകാശപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ, പാകിസ്താൻ പിടികൂടി തടവിലാക്കിയ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ തിരിച്ചു നൽകിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷ പാർട്ടിയായ പാകിസ്താൻ മുസ്ലിം ലീഗ് നേതാവ് ആയാസ് സാദിഖ് വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് മന്ത്രിയായ ഫവാദ് ചൗധരി പുൽവാമയിലെ ഭീകരാക്രമണത്തെ ഇമ്രാൻ ഖാന്റെ ഭരണ നേട്ടമായി ഉയർത്തിക്കാട്ടിയത്.

2019 ഫെബ്രുവരി 14ന് കാശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ചാവേർ ആക്രമണമുണ്ടായത്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.