പ്രളയത്തില്‍ ചെറുതോണി പാലം തകര്‍ന്നതോടെ ഗതാഗതം താറുമാറായ ചെറുതോണി റൂട്ടില്‍ പകരം യാത്രാ സംവിധാനമൊരുക്കി ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്കു മുകളിലൂടെ ഇന്നു മുതല്‍ ബസ് സര്‍വീസ് നടത്തും. ചെറുതോണി പാലത്തിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ പറ്റാതെവന്നതോടെ പകരം സംവിധാനം എന്ന നിലയിലാണിത്. തൊടുപുഴ ഡിപ്പോയില്‍ നിന്ന് കട്ടപ്പനയിലേക്കുള്ള രണ്ടു കെഎസ്ആര്‍ടിസി ബസുകളാണ് കുളമാവ്, ചെറുതോണി വഴി ഡാമുകള്‍ക്കു മുകളിലൂടെ ഓടുക.

ഇന്നു മുതല്‍ കട്ടപ്പനയില്‍ നിന്നു പുലര്‍ച്ചെ അഞ്ചു മുതല്‍ വൈകിട്ട് 5.20 വരെ തൊടുപുഴയിലേക്കും തൊടുപുഴയില്‍ നിന്നു രാവിലെ 6.10 മുതല്‍ വൈകുന്നേരം 6.40 വരെ കട്ടപ്പനയിലേക്കും ഓരോ മണിക്കൂര്‍ ഇടവിട്ടു സര്‍വീസ് ഉണ്ടാകും. 1992ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ അണക്കെട്ടുകള്‍ക്കു മുകളിലൂടെ ബസ് സര്‍വീസ് നടത്തിയിരുന്നു.

Image result for cheruthoni bridge

പ്രളയത്തിൽ തകർന്ന ചെറുതോണി പാലം

കുളമാവ് അണക്കെട്ടിനു മുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടുമെങ്കിലും ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്കു മുകളിലൂടെ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല. ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുകയാണ്. ഇന്നലെ മുതല്‍ തൊടുപുഴ ഏലപ്പാറ റൂട്ടിലും ബസ് ഓടിത്തുടങ്ങി. മറ്റു വാഹനങ്ങള്‍ക്ക് അത്യാവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കുന്നുണ്ട്.

എന്നാല്‍ ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമാണ് ഡാമിന് മുകലിലൂടെ യാത്ര സൗകര്യം ഉണ്ടാവുക. മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ സൗകര്യം ലഭ്യമാക്കുമെങ്കിലും ആദ്യ ഘട്ടത്തില്‍ അത്യാവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമെ ഡാമിന് മുകളിലൂടെയുള്ള യാത്ര സാധ്യമാവുകയുള്ളു.

തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയുടെ ഭാഗമായ ചെറുതോണി പാലം തകര്‍ന്നതോടെ, കട്ടപ്പന, തൊടുപുഴ മേഖലകള്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ചെറുതോണി പാലത്തിന് അക്കരെ താമസിക്കുന്നവര്‍ക്കു ചെറുതോണി ടൗണിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത് നിലവിലെ തീരുമാനം അതിനു പരിഹാരമാകുമെന്നാണ് കരുതുന്നത്.