സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്കിയ ആള് അറസ്റ്റില്‍. സ്പേസ് പാര്‍ക്കിലെ ജോലിക്കാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അമൃത്സര്‍ സ്വദേശി സച്ചിന് ദാസിനെ(41)യാണ് കന്റോണ്‍മെന്റ് പോലീസ് പിടികൂടിയത്. പഞ്ചാബില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുമായി പോലീസ് ഉടന്‍ കേരളത്തിലെത്തും.
ഒരു ലക്ഷം രൂപ വാങ്ങിയാണ് ഇയാള്‍ സ്വപ്നയ്ക്ക വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയത്. കോണ്‍സുലേറ്റിലെ ജോലി അവസാനിപ്പിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നതിനാണ് സ്വപ്ന ബിരുദ സര്‍ട്ടിഫിക്കറ്റ് എടുത്തത്.
ബാബസാഹിബ് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയെന്നാണ് ബിരുദ സര്‍ട്ടിഫിക്കറ്റ്. ആറ് മാസത്തിനുള്ളില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന പരസ്യം കണ്ട് ചെങ്ങന്നൂര്‍ സ്വദേശി വഴിയാണ് സ്വപ്ന ഇയാളെ സമീപിച്ചത്.സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്പേസ് പാര്‍ക്കില്‍ ജോലിക്ക് കയറുകയും ഏഴ് മാസത്തിനുള്ളില്‍ 19 ലക്ഷം രൂപ ശമ്പള ഇനത്തില്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്നതോടെയാണ് സ്വപ്നയുടേത് വ്യാജ ബിരുദമാണെന്ന ആരോപണവും ഉയര്‍ന്നത്.
Leave a Reply