അറ്റ് ലാന്റിക് സമുദ്രത്തിന് മുകളില്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 40 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. സ്പെയിനിലെ മാഡ്രിഡില്‍ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയര്‍ യൂറോപ്പ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. വിമാനം ബ്രസീലില്‍ അടിയന്തരമായി ഇറക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എയര്‍ യൂറോപ്പ ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്പാനിഷ് എയര്‍ലൈന്‍ അറിയിച്ചു.

അറ്റ്ലാന്റിക്കിന് മുകളിലൂടെ പറന്ന വിമാനം പെട്ടെന്ന് ആകാശച്ചുഴിയില്‍പ്പെടുകയായിരുന്നു. 325 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

പരിക്കേറ്റ യാത്രക്കാരും വിമാനത്തിനുള്ളില്‍ സംഭവിച്ച കേടുപാടുകള്‍ ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വിമാനം ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ ഇരിപ്പിടത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ പറന്ന് ലഗേജ് ബോക്‌സില്‍ എത്തിയതും ഇയാളെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് താഴെ ഇറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനത്തിനകത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റിയെന്ന് ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോ നോര്‍ട്ടെ സ്റ്റേറ്റ് ഹെല്‍ത്ത് സെക്രട്ടേറിയറ്റ് എഎഫ്പിയോട് പറഞ്ഞു. പലര്‍ക്കും നിസാരമായ പരിക്കുകളാണുള്ളത്. എന്നാല്‍ 11 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

ആകാശച്ചുഴിയില്‍പ്പെട്ടതോടെ യാത്രക്കാരോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനാല്‍ വന്‍ അപകടം ഒഴിവായെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കാണ് പരിക്കേറ്റതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇക്കഴിഞ്ഞ മെയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് ലണ്ടനില്‍ നിന്നുള്ള വിമാനം ബാങ്കോക്കില്‍ അടിയന്തരമായി ഇറക്കുകയും ചെയ്തു. അപകടത്തില്‍ മറ്റ് നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും തലയോട്ടി, തലച്ചോറ്, നട്ടെല്ല് എന്നിവയ്ക്ക് പരിക്കേറ്റിരുന്നു.

റഡാറിന് പലപ്പോഴും അദൃശ്യമായ ആകാശച്ചുഴി, കാലാവസ്ഥാ വ്യതിയാനം മൂലം കൂടുതല്‍ അപകടകാരിയായി മാറുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ഉദ്വമനമാണ് ഇതിനു പിന്നിലെ കാരണം. ഇത് വായു പ്രവാഹത്തെ തടസപ്പെടുത്തുന്നു.

എന്താണ് ആകാശച്ചുഴി?

ഏവിയേഷന്‍ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടര്‍ബുലന്‍സ്. കാറ്റിന്റെ സമ്മര്‍ദത്തിലും ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും വലിക്കുകയും ചെയ്യും ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി. ചെറിയതോതില്‍ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയില്‍ എടുത്തിട്ട് അടിക്കുന്നതു പോലെയും അനുഭവപ്പെടാം. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ഇതിന് കാരണം. എയര്‍പോക്കറ്റ് അല്ലെങ്കില്‍ എയര്‍ഗട്ടര്‍ അഥവാ ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ് എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.