വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം പ്രായോഗികമല്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുമില്ല. പദ്ധതിക്ക് തറക്കല്ലിട്ടതും പാരിസ്ഥിതിക അനുമതി ലഭിച്ചതുമെല്ലാം കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരുകൾ ഉള്ളപ്പോഴാണ്. ശശിതരൂർ എം.പി അതിരൂപത അധികൃതരുമായി ചർച്ച നടത്തിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് നിർമ്മാണം മുന്നോട്ടുകൊണ്ടുപോകണമെന്ന നിലപാടാണ് സ്വീകരിച്ചത്.
7525 കോടിയുടെ നിർമ്മാണ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങുന്നത് നിസാരമായിരിക്കില്ലെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. ഇതുവഴിയുണ്ടാകുന്ന കേസും നഷ്‌ടപരിഹാരവും സർക്കാരിന് താങ്ങാവുന്നതിലും അധികമാകും. വിഴിഞ്ഞം വിഷയം നിയമസഭയിൽ നാളെ അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. മത്സ്യത്തൊഴിലാളികളെ പുനർഗേഹം പദ്ധതി വഴി മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകും.
17.5 ഏക്കർ വിട്ടുനൽകുന്നതിൽ മൃഗസംരക്ഷണ വകുപ്പിനുള്ള എതിർപ്പ് ചർച്ചകൾക്കൊടുവിൽ ഇല്ലാതായെന്നാണ് സൂചന. ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുന്ന കാര്യത്തിലും ഉപസമിതി യോഗത്തിൽ തീരുമാനമുണ്ടാകും. വൈകിട്ട് നാലിനാണ് യോഗം.
ആന്റണിരാജു, എം.വി. ഗോവിന്ദൻ,കെ. രാജൻ, അഹമ്മദ് ദേവർകോവിൽ, അബ്‌ദുറഹ്മാൻ, ചിഞ്ചുറാണി എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
മറ്റന്നാൾ നടക്കുന്ന ക്യാബിനറ്റിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. വ്യാഴാഴ്‌ചയോടെ മുഖ്യമന്ത്രി പ്രതിഷേധക്കാരുടെ യോഗം വിളിച്ചേക്കുമെന്നാണ് വിവരം. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാരിസ്ഥിതക ആഘാതങ്ങളെപ്പറ്റി പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന് സർക്കാർ അറിയിക്കാനാണ് സാദ്ധ്യത. തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കാനാകില്ലെന്ന കാര്യവും ബോധിപ്പിക്കും. ഇതോടെ സമരം അവസാനിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.
ഇന്നുമുതൽ കടലിലും സമരം
വിഴിഞ്ഞത്തെ സമരം ഇന്നുമുതൽ കടൽ മാഗവും നടത്താൻ സമരസമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽ മാർഗം തുറമുഖം വളയുക. ചെറിയതുറ, സെന്റ് സേവിയേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. 100ലധികം വള്ളങ്ങൾ ഒരേസമയം തുറമുഖത്തെ വലയം ചെയ്‌ത് പ്രതിഷേധിക്കും. സമരത്തിന്റെ ആറാം ദിവസമായ ഇന്നലെ ലത്തീൻ അതിരൂപതയ്‌ക്ക് കീഴിലെ മതബോധന കേന്ദ്രങ്ങളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സമരവേദിയിൽ പ്രാർത്ഥനാദിനം ആചരിച്ചു. സമരത്തിന് കെ.സി.ബി.സി പിന്തുണ അറിയിച്ചിട്ടുണ്ട്.
തീരശോഷണം പഠിക്കാൻ ജനകീയ സമിതി
തീരശോഷണത്തെപ്പറ്റി പഠിക്കാൻ ജനകീയ സമിതിക്ക് രൂപം നൽകാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. നിയമസഭയിലും പാർലമെന്റിലും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം.എൽ.എമാർക്കും എം.പിമാർക്കും സഭ കത്തയച്ചു. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യശാലകൾ തുറക്കുന്നത് നിരോധിച്ച കളക്‌ടറുടെ ഉത്തരവിനെ വികാരി ജനറൽ യൂജിൻ പെരേര സ്വാഗതം ചെയ്‌തു.
Leave a Reply