നീണ്ട പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനത്തിലേക്ക്. ഇനി ഒന്നിച്ചു ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ആറുമാസത്തിനകം ഇരുവരും വേര്‍പിരിയും. വിവാഹമോചന ഹര്‍ജി നല്‍കി കഴിഞ്ഞുവെന്നാണ് വിവരം. പിന്നണി ഗായികയില്‍ നിന്നുപരി മികച്ച അവതാരകയായിട്ടാണ് റിമിയെ മലയാളി പ്രേക്ഷകര്‍ കണ്ടിരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി അത്രമാത്രം ഹിറ്റാണ്. ഇതിനിടെ റിമി സിനിമയിലേക്ക് ചുവടുവെച്ചിരുന്നു. എന്നാല്‍, സിനിമയില്‍ വേണ്ടത്ര തിളങ്ങാന്‍ റിമിക്കായില്ല.

സിനിമയിലേക്ക് പോകുന്നതിനോട് ഭര്‍ത്താവ് റോയ്‌സിന് ഒട്ടും താല്‍പര്യമില്ലെന്ന് റിമി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഒരു ആഗ്രഹം നടക്കട്ടെയെന്നും ഇനി അഭിനയിക്കില്ലാന്ന് ഉറപ്പ് നല്‍കിയുമാണ് ആദ്യ സിനിമ അഭിനയിച്ചതെന്ന് റിമി പറഞ്ഞിരുന്നു.

അവിടെ തന്നെ അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ടുണ്ടാകാം. പതിനൊന്ന് വര്‍ഷമായിട്ടും ഇരുവര്‍ക്കും കുട്ടികളും ഇല്ലായിരുന്നു. റിമിയുടെ സഹോദരന്‍ കല്യാണം കഴിച്ചത് സിനിമാ നടി മുക്തയെയാണ്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്.

മുക്തയ്ക്ക് കുഞ്ഞ് പിറന്നതിനുപിന്നാലെ റിമിക്ക് എന്തുകൊണ്ട് അമ്മയാകുന്നില്ലെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വിവാഹമോചന വാര്‍ത്ത വന്നിരിക്കുന്നത്. 2008ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. പരസ്പരം ഏറെ സ്‌നേഹിക്കുന്ന ദമ്പതികളായിട്ടാണ് ഇരുവരെയും പ്രേക്ഷകര്‍ കണ്ടത്.

എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി നല്‍കിയത്. വിവരം അധികമാരെയും അറിയിച്ചിരുന്നില്ല. വാര്‍ത്ത സത്യമാണെന്ന് അടുത്ത സുഹൃത്തുക്കളും പറയുന്നുണ്ട്. പരസ്പര സമ്മതത്തോടെ പിരിയുന്നതുകൊണ്ട് ആറുമാസത്തിനകം വിവാഹമോചനം ലഭിക്കും.

2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്.  ഇവര്‍ വേർപിരിയുന്നുവെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.11 വര്‍ഷത്തെ വിവാഹജീവിതം വേണ്ടെന്ന് വച്ച വിവരം അധികം ആരെയും ഇവര്‍ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് കുടുംബകോടതിയില്‍ ഹര്‍ജി ഇവര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇവര്‍ ഇനി ഒരുമിച്ച്‌ ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ അടുത്ത ബന്ധുക്കളും വെളിപ്പെടുത്തുന്നതായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മ്യുച്വല്‍ കണ്‍സെന്റ് ആയതിനാല്‍ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന. അതേസമയം റിമിയുടെ വിവാഹമോചന വാര്‍ത്ത സിനിമാരംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. താന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള സൂചന താരം നേരത്തെ നല്‍കിയിരുന്നു. മറ്റൊരാളുമായുള്ള പ്രണയം ചാനല്‍ പരിപാടിക്കിടെ പേര് വെളിപ്പെടുത്താതെ സൂചിപ്പിച്ചതും ചര്‍ച്ചയായിരുന്നു.

ഗാനമേള വേദികളിലൂടെ മലയാളികൾക്ക് സുപരിചിതയായ റിമി ടോമി 2002 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിലൂടെ പിന്നണി ഗായികയായി സിനിമ രംഗത്തേക്ക് കടന്നു വന്നത്. ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആലപിച്ചത്. ഈ ഗാനം ഹിറ്റായതോടെ റിമിക്ക് തിരക്കേറുകയായിരുന്നു. വിദ്യാസാഗര്‍ സംഗീത നല്‍കിയ ഗാനം ശങ്കര്‍മഹാദേവനോടൊപ്പമായിരുന്നു റിമി ആലപിച്ചിരുന്നത്. മികച്ച എന്‍ട്രിയായിരുന്നു റിമിക്ക് ഈ ഗാനം സമ്മാനിച്ചിരുന്നത്.

പിന്നീട് ദിലീപ് ചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ കെജെ യേശുദാസിനൊപ്പം കണ്ണനായാല്‍ രാധവേണം എന്ന ഗാനം ആലപിച്ച്‌ തന്റെ സ്ഥാനം റിമി കൂടുതല്‍ ഉറപ്പിച്ചു. പിന്നീട് ഹണീ ബീ ടു വരെ 70 ഓളം ചിത്രങ്ങളില്‍ റിമി പിന്നണി ഗായികയായെത്തി. ഇതിനിടെ 2006 ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015 ല്‍ ജയറാമിനൊപ്പം തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി.

ഗായികയായ ടെലിവിഷന്‍ അവതാരിക എന്ന് നിലയിലാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്. 2012 ല്‍ ഏഷ്യാനെറ്റ് ഫീലിം അവാര്‍ഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാന്‍ വേദിയിലെത്തിയ ഷാരൂക് ഖാന്‍ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു.

ഗായിക എന്നതില്‍ ഉപരിയായി  പ്രഫോമിങ് ആർട്ടിസ്റ് എന്ന നിലയിൽ മലയാളികൾ ഏറ്റെടുത്ത ഗായികയാണ് റിമി. കൂടെ റിമിയുടെ സരസമായ ഭാഷയും അവതാരിക എന്ന നിലയിൽ ശോഭിക്കാൻ കഴിഞ്ഞു. പാലാക്കാരി ആയതു കൊണ്ടാണ് താന്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുന്ന റിമി ആരെയും കൂസാത്ത പ്രകൃതക്കാരിയാണ്. ചാനല്‍ സംഗീത ഷോകളിലെ ജഡ്ജിയായും റിമി കളം നിറഞ്ഞിരുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിലെ ജഡ്ജിയായിരുന്ന റിമി മറ്റ് ചില പരിപാടികളിലും പങ്കെടുത്തിരുന്നു.

ഏഷ്യാനെറ്റിനൊപ്പമായിരുന്നു റിമിയുടെ തുടക്കമെങ്കിൽ മഴവില്‍ മനോരമയുടെ കടന്നുവരവോടെ റിമിക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നു. മഴവില്ലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ബാര്‍ക്ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരിപാടിയായിരുന്നു. ഏതൊരു ഗൗരവക്കാരനെയും ചിരിപ്പിക്കുന്ന വിധത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രകൃതക്കാരിയാണ് റിമി. അങ്ങനെ കളിചിരി പറയുന്നതില്‍ റിമിക്ക് മുന്നില്‍ യാതൊരു വലിപ്പിച്ചെറുപ്പവും ഉണ്ടായിരുന്നില്ല. വളരെ സരസമായി തന്നെ സംസാരിക്കുന്ന റിമിയുടെ പ്രകൃതം തന്നെയാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും.