സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം ഉണ്ടായാലും മറ്റൊരു ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യം രണ്ടാം ലോക്ക്ഡൗണിലേക്ക് കടക്കില്ലെന്ന് സൺ‌ഡേ ടെലിഗ്രാഫിനോട് സംസാരിച്ച പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ശൈത്യകാലത്തോടടുക്കുമ്പോൾ അത്തരം നടപടികൾ ആവശ്യമായി വരുമെന്ന് യുകെയിലെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞു. ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള അധികാരം നൽകിയതിനാലാണ് ജോൺസൻ ഈ അഭിപ്രായം മുന്നോട്ട് വച്ചത്. അതേസമയം യുകെയിൽ ഇന്നലെ 27 കൊറോണ വൈറസ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. രോഗം ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 45,300 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 726 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. പ്രാദേശിക രോഗവ്യാപനം തിരിച്ചറിയുന്നതിലും നിയന്ത്രിക്കുന്നതിലും അധികാരികൾ മെച്ചപ്പെട്ടുവെന്ന് ജോൺസൺ കൂട്ടിച്ചേർത്തു.

പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, ആളുകൾ‌ക്ക് യാത്രയ്ക്കായി പൊതുഗതാഗതം ഉപയോഗിക്കാൻ‌ കഴിയും. മാത്രമല്ല സുരക്ഷിതമാണെങ്കിൽ‌ ജീവനക്കാരെ ജോലിസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ തൊഴിലുടമകൾക്ക് അധികാരം ഉണ്ടായിരിക്കും. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ ആഗ്രഹിക്കുന്നത് ശരിയാണെന്നും എന്നാൽ പുതിയ പദ്ധതികളിൽ വലിയ വിള്ളലുകളുണ്ടെന്നും ലേബർ പാർട്ടി പറഞ്ഞു. ജനങ്ങൾ രണ്ടാം ഘട്ട രോഗവ്യാപനത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഷാഡോ വിദേശകാര്യ സെക്രട്ടറി ലിസ നാൻഡി പറഞ്ഞു. ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും “മാസ് വിന്റർ ഫ്ലൂ വാക്സിനേഷൻ പ്രോഗ്രാം” നടപ്പാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. ശൈത്യകാലം വരുമ്പോൾ വെല്ലുവിളികൾ ഉയരുമെന്നും അപ്പോൾ കൂടുതൽ ദേശീയ നടപടികൾ ആവശ്യമായി വരുമെന്നും മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലൻസ് മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലങ്കാഷെയറിലെ ഒരു പ്രദേശത്ത് കോവിഡ് രോഗിയുമായി അടുത്ത ബന്ധം പുലർത്തിയ 50% ആളുകളിൽ മാത്രമാണ് ഇംഗ്ലണ്ടിലെ കോൺടാക്റ്റ് ട്രേസറുകൾ എത്തിയിരിക്കുന്നത്. ഡാർവെൻ കൗൺസിലിലെ ബ്ലാക്ക്ബേണിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ പ്രൊഫ. ഡൊമിനിക് ഹാരിസൺ ആണ് ഈ കണക്ക് വെളിപ്പെടുത്തിയത്. സിസ്റ്റം കൂടുതൽ കാര്യക്ഷമമായില്ലെങ്കിൽ പുതിയ കേസുകൾ ഉയരുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ആയിരക്കണക്കിന് കേസുകൾ തിരിച്ചറിയാൻ എൻഎച്ച്എസ് പദ്ധതി സഹായിച്ചതായി സർക്കാർ അറിയിച്ചു. നൽകിയ കോൺടാക്റ്റുകളിൽ എത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

ജൂലൈ 2 മുതൽ 8 വരെ കോവിഡ് -19 സ്ഥിരീകരിച്ച ഇംഗ്ലണ്ടിലെ ആളുകളിൽ 17.1 ശതമാനം പേരിലും എത്താൻ കഴിഞ്ഞില്ലെന്നും 4.1 ശതമാനം പേർ അവരുടെ ഫോൺ നമ്പർ നൽകിയിട്ടില്ലെന്നും സർക്കാരിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ജൂലൈ 13ന് ബ്ലാക്ക്ബേണിലെ ജാമിയ ഘോസിയ പള്ളിയിൽ നടന്ന ശവസംസ്കാര ചടങ്ങിൽ 250 ഓളം പേർ പങ്കെടുത്തിരുന്നു. ഇതിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയും പങ്കെടുത്തതിനാൽ കനത്ത ജാഗ്രതയിലാണ് അധികാരികൾ. ടെസ്റ്റ്‌ ആൻഡ് ട്രേസ് സിസ്റ്റം കാര്യക്ഷമമായി പ്രവത്തിക്കാത്തതിനാൽ രോഗവ്യാപന സാധ്യത ഉയരുകയാണ്.