ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലെ, മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനകാരണമായിരിക്കുകയാണ് യുകെയിലെ നാല് പെൺകുട്ടികൾ അടങ്ങുന്ന ഒരു മലയാളി കുടുംബം. ആതുര സേവന രംഗത്ത് അമ്മയുടെ പാത പിന്തുടർന്ന് എൻഎച്ച് എസ് സർവീസിൽ പ്രവേശിച്ചിരിക്കുകയാണ് ഒരേ സമയം ജനിച്ച അനീറ്റ, എയ്ഞ്ചൽ, അലീന, അനീഷ എന്നിവർ. അനീറ്റ, എയ്ഞ്ചൽ, അലീന എന്നിവർ റോയൽ പാപ്പ് വർഥ് ഹോസ്പിറ്റലിൽ നഴ്സുമാരായും , മറ്റൊരു സഹോദരി അനീഷ കെറ്റേറിങ് ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായുമാണ് ജോയിൻ ചെയ്തിരിക്കുന്നത്. ഇവരുടെ മാതാവ് ജോബി ഇപ്സ്വിച് ആശുപത്രിയിലെ ഓൺകോളജി വിഭാഗത്തിൽ നഴ്സായി ജോലിചെയ്തുവരികയാണ്. 2007ലാണ് ജോബിയും ഭർത്താവ് ഷിബുവും യുകെയിലേക്ക് എത്തിയത്. ഇതിനു മുൻപ് ഒമാനിലെ ആശുപത്രിയിലായിരുന്നു ജോബി ജോലിചെയ്തിരുന്നത്. അവിടെവച്ചാണ് ഷിബുവിനും ജോബിക്കും നാല് പെൺകുട്ടികൾ ജനിച്ചത്.
യുകെയിലെത്തിയ ഇവർക്ക് ആദ്യം തന്നെ മക്കളെ കൊണ്ടുവരുവാൻ സാധിച്ചിരുന്നില്ല. രണ്ടുവർഷം മക്കളെ ബന്ധുക്കളോടൊപ്പം നിർത്തിയതിനുശേഷമാണ് അവരെക്കൂടി യുകെയിൽ എത്തിക്കുവാൻ ജോബിക്ക് സാധിച്ചത്. ജോബിക്ക് ഉണ്ടായിരുന്ന നേഴ്സിംഗ് ബിരുദം യു കെയിൽ അനുവദനീയമല്ലാതിരുന്നതിനാൽ, ആദ്യം കെയർഹോമുകളിലായിരുന്നു ജോബി ജോലിചെയ്തിരുന്നത്. അതിനു ശേഷം പിന്നീട് യൂണിവേഴ്സിറ്റി ഓഫ് സഫോക്കിൽ പഠനം തുടർന്ന ജോബി, 2017 ലാണ് പഠനം പൂർത്തീകരിച്ച് എൻഎച്ച്എസ് നേഴ്സ് ആയി ജോയിൻ ചെയ്തത്. ഇതിനു ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ജോബിയുടെ മൂന്ന് മക്കളും അമ്മ പഠിച്ച അതേ യൂണിവേഴ്സിറ്റിയിൽ തന്നെ നേഴ്സിങ് പഠനത്തിനായി ചേർന്നു. ഫിസിയോതെറാപ്പി തിരഞ്ഞെടുത്ത അനീഷ മാത്രം യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ തന്റെ പഠനം ആരംഭിച്ചു. നാലുപേരുടെയും ട്രെയിനിങ് പ്ലെയ്സ്മെന്റുകൾ എല്ലാം തന്നെ ജോബി ജോലിചെയ്തിരുന്ന ഇപ്സ്വിച് ആശുപത്രിയിലായിരുന്നു.
തങ്ങളുടെ മാതാവാണ് തങ്ങളുടെ എല്ലാവരുടെയും പ്രചോദനം എന്ന് നാല് പേരും ഉറപ്പിച്ചു പറയുന്നു. യുകെയിൽ മെയിന്റനൻസ് എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷിബു തന്റെ ഭാര്യയുടെയും മക്കളുടെയും സേവന മനോഭാവത്തിൽ അഭിമാനിക്കുകയാണ്. യുകെയിലെ ഈ മലയാളി കുടുംബത്തെ കുറച്ച് ഡെയിലി മെയിൽ പത്രവും റിപ്പോർട്ട് ചെയ്തിരുന്നു.
Leave a Reply