ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്ഞിയെ ഒരു നോക്ക് കാണുവാൻ നീണ്ട നിരയാണ് വെസ്റ്റ്മിൻസ്റ്റർ ഹാളിന് മുൻപിൽ. ശവശരീരം ബുധനാഴ്ച വൈകിട്ട് എത്തിക്കാനാണ് തീരുമാനമെങ്കിലും ഇപ്പോൾ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആദ്യത്തെയാൾ ഹാളിനുമുൻപിൽ എത്തി. വരും ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടേക്കാം എന്ന് കരുതി ഇത് ഒഴിവാക്കാനാണ് ആളുകൾ നേരത്തെ എത്തുന്നത്.

തിരക്കുകൾ കാരണം പലയാളുകളും കുഴഞ്ഞു വീഴുന്ന സാഹചര്യം വരെ നിലവിലുണ്ട്. തിരക്ക് നിയന്ത്രണ വിധേയമാകാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്നും, പ്രവേശന കവാടം സ്ഥാപിക്കണമെന്നും ഹാരോയിൽ നിന്നുള്ള വനേസ നാഥകുമാരൻ പറഞ്ഞു. ഇവരാണ് ആദ്യം എത്തിയത്.

താൻ 10 വയസുള്ളപ്പോൾ മുതൽ രാജകുടുംബത്തെ ആരാധിക്കാൻ തുടങ്ങിയതാണെന്നും എല്ലാകാലവും അവരോട് ബഹുമാനമുണ്ടെന്നും പറഞ്ഞു. രാജ്ഞിയുടെ വേർപ്പാട് ആകസ്മികമാണെന്നും അതിൽ ദുഃഖമുണ്ടെന്നും, യു കെ യിൽ പഠിക്കാൻ എത്തുന്നതിനു മുൻപേയുള്ള സ്നേഹബന്ധമാണിതെന്നും ശ്രീലങ്കൻ സ്വദേശിയായ അവർ കൂട്ടിച്ചേർത്തു. ആളുകൾക്കു ക്യൂ നിന്ന് കാണാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശവസംസ്കാര ദിവസം രാവിലെ 6.30 വരെ വെസ്റ്റ്മിൻസ്റ്റർ ഹാൾ 24 മണിക്കൂറും തുറന്നിരിക്കും.