മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവ് കാലങ്ങളായി നടന്നു വന്ന തിരിമറികളെ മുഴുവന്‍ വ്യക്തമാക്കുന്നതാണ്. ശക്തമായ തെളിവുകളുണ്ടായിട്ടും പലഘട്ടങ്ങളിലായി നടന്നത് ആന്റണി രാജുവിനെ രക്ഷിക്കാനുള്ള നീക്കങ്ങൾ. ഫോറന്‍സിക് പരിശോധന ഫലമടക്കം ഉണ്ടായിട്ടും പോലീസ് കേസ് അവസാനിപ്പിക്കാനാണ് വ്യഗ്രത കാണിച്ചത്. ഇപ്പോള്‍ സുപ്രീം കോടതി വിധിയില്‍ നിര്‍ണ്ണായകമായത് മൂന്ന് തെളിവുകളാണ്.

കോടതിയിലെ തൊണ്ടി രജിസ്റ്ററില്‍ എഴുതിയ അതേ വാചകം; Received the item No T241/90 as per court order on 9.8.90, ആന്റണി രാജുവിനെക്കൊണ്ട് അന്നത്തെ അന്വേഷണോദ്യോഗസ്ഥന്‍ അസി. കമ്മിഷണര്‍ പി.പ്രഭ അഞ്ച് തവണ എഴുതിച്ചു അഞ്ചുതവണ ഒപ്പും ഇടുവിച്ചു. കൂടാതെ മറ്റൊരു പേപ്പറില്‍, Returned on 5/12/90 എന്നും എഴുതിച്ചു. അതും അഞ്ചു തവണയായിരുന്നു. ഇവ കുടാതെ ആന്റണി രാജു 1990 കാലത്തെഴുതിയ ഏതാനും രേഖകളും താരതമ്യത്തിനായി ഫൊറന്‍സിക് വിഭാഗം ശേഖരിച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ എല്ലാ കയ്യക്ഷരവും ഒരാളുടേതെന്ന് കണ്ടെത്തി. ലഹരിക്കേസില്‍ കുടുങ്ങിയ വിദേശിയെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ ആന്റണി രാജുവിന് പ്രധാനമായും കുരുക്കായിരിക്കുന്നത് ഈ ഫൊറന്‍സിക് പരിശോധനയാണ്.

ഇതോടെ തൊണ്ടിയായ അടിവസ്ത്രം കൈക്കലാക്കാന്‍ തൊണ്ടി രജിസ്റ്ററില്‍ ഇംഗ്ലീഷില്‍ എഴുതിയൊപ്പിട്ടത് ആന്റണി രാജു തന്നെയെന്ന് സ്ഥിരീകരിച്ചു. ഇതടക്കം സാധ്യമായ എല്ലാ ശാസ്ത്രിയ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ആന്റണി രാജുവിനെ പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കിയത്. ലഹരിക്കേസില്‍ അറസ്റ്റിലായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയുടെ മുഷിഞ്ഞ അണ്ടര്‍വെയര്‍ കൈക്കലാക്കാന്‍ ആന്റണി രാജു നടത്തിയ വിദഗ്ധ ഇടപെടലിന്റെ തെളിവാണ് കോടതിയുടെ തൊണ്ടി റജിസ്റ്ററിലെ കയ്യെഴുത്തും ഒപ്പും.

കടുംനീല ബനിയന്‍ തുണിയില്‍ തുന്നിയ മുഷിഞ്ഞ ജട്ടി എന്നാണ് മെറ്റിരീയല്‍ Received the item No T241/90 as per court order on 9.8.90, എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തുവിനെ കേസിലുടനീളം പരാമര്‍ശിക്കുന്നത്. ഈ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധന സ്ഥിരീകരിച്ചിരുന്നു. തുന്നലിന്റെ സ്വഭാവം മുതല്‍ നൂലിന്റെ പഴക്കം വരെ സൂക്ഷമമായി പരിശോധിച്ചാണ് ഫൊറന്‍സിക് വിദഗ്ധന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതും കേസിലെ ആന്റണി രാജുവിന്റെ പങ്ക് അടിവരയിട്ടുറപ്പിക്കുന്നതാണ്. 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച നിലയില്‍ ധരിച്ച് കാണപ്പെട്ട ഇത് അറസ്റ്റിന്റെ സമയത്ത് തന്നെ പ്രതിയില്‍ നിന്നൂരി വാങ്ങി സീല്‍ചെയ്ത് പരിശോധനക്ക് അയച്ചതാണ്. സാധാരണ നിലക്ക് ആരും തയ്ച്ച് ചെറുതാക്കാന്‍ ഇടയില്ലാത്ത അടിവസ്ത്രത്തിലെ പ്രകടമായ വ്യത്യാസം ഫൊറന്‍സിക് വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും തുന്നലിന്റെ കാര്യത്തിലാണ്.

മാത്രവുമല്ല അസ്വാഭികമെന്ന് കണ്ട തുന്നലുകളെല്ലാം പുതിയവ ആണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു (”could have been done recently’; P.03, 3nd point)ഇത്രയും കാര്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമാകുന്ന സാഹചര്യത്തില്‍, ഈ തൊണ്ടിവസ്തു ആരൊക്കെ കൈകാര്യം ചെയ്തിരുന്നു എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോടതിയാണ് കസ്റ്റോഡിയന്‍. ഇവിടെ നിന്ന് അന്യായമായി കൈക്കലാക്കി നാലുമാസത്തോളം കൈവശംവച്ചത് പ്രതിഭാഗം അഭിഭാഷകന്‍ ആന്റണി രാജുവാണ്. കോടതിയിലെ തൊണ്ടി റജിസ്റ്റര്‍ ഇതിന് തെളിവായുണ്ട്. തിരുവനന്തപുരം ഫൊറന്‍സിക് ലാബ് 1996ല്‍ നല്‍കിയ ഈ റിപ്പോര്‍ട്ടും കയ്യില്‍വച്ചാണ് 2002ല്‍ ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് എന്നതാണ് വിചിത്രം. അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ കേസില്‍ ആന്റണി രാജുവിനെ തളളി അദ്ദേഹത്തിന്റെ സീനിയര്‍ അഡ്വ. സെലിന്‍ വില്‍ഫ്രഡും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആന്റണി രാജു ലഹരിക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടുത്തിയ ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി അവിടെയെത്തി മറ്റൊരു കൊലക്കേസില്‍ പെട്ടതോടെയാണ് കേരളത്തില്‍ വക്കീലുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്. അഡ്വക്കറ്റ് ആന്റണി രാജുവിന്റെ കാര്യക്ഷമത കൊണ്ട് കേസില്‍ നിന്നൂരിയ ആന്‍ഡ്രൂ തൊട്ടടുത്തു തന്നെ നാടുവിട്ടു. ലഹരിയുമായി പിടിയിലായി ഒറ്റ വര്‍ഷത്തിനുള്ളില്‍ വിചാരണയും അപ്പീല്‍ വാദവും പൂര്‍ത്തിയാക്കി 91 മാര്‍ച്ച് ആദ്യം തന്നെ ഓസ്‌ട്രേലിയയിലെത്തി. 95 അവസാനം അവിടെയൊരു കൊലക്കേസില്‍ അറസ്റ്റിലാകുന്നു. തുടര്‍ന്ന് മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ ആന്‍ഡ്രൂവിന്റെ കൂട്ടുപ്രതിയായിരുന്ന വെസ്ലി ജോണ്‍ പോള്‍ ആണ് നിര്‍ണായകമായ ആ വെളിപ്പെടുത്തല്‍ നടത്തുന്നത്. തടര്‍ന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് ഇന്റര്‍പോള്‍ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്.

അറസ്റ്റുവിവരം അറിഞ്ഞ് സര്‍വലിയുടെ ബന്ധുക്കള്‍ ഇന്ത്യയിലേക്ക് എത്തി. കൈക്കൂലി നല്‍കി കോടതി ജീവനക്കാരനെ വശത്താക്കി. പ്രതി ഉപയോഗിച്ച വാക്ക്, ക്ലാര്‍ക്ക് ഓഫ് കോര്‍ട്‌സ്, എന്നാണെന്ന് കത്തില്‍ എടുത്ത് പറയുന്നുണ്ട്. തുടര്‍ന്ന് ഈ ജീവനക്കാരനെ ഉപയോഗിച്ച്, സര്‍വലിയുടേതായി കോടതിയിലിരുന്ന അണ്ടര്‍വെയര്‍ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വയ്ക്കുന്നു. പിന്നീട് നടന്ന ഹൈക്കോടതിയിലെ അപ്പീല്‍ വാദത്തിനിടെ തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാന്‍ പാകത്തിലുളളതല്ല എന്ന വാദം ഉയര്‍ത്തുന്നു. ഇത് കോടതി പരിശോധിക്കുന്നു, സര്‍വലി കുറ്റവിമുക്തനാകുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ പൊലീസ് ഹോമിസൈഡ് സ്‌ക്വാഡിലെ ഡിറ്റക്ടീവ് സീനിയര്‍ കോണ്‍സ്റ്റബിള്‍മാരായ ഗ്രീന്‍, വൂള്‍ഫ് എന്നിവര്‍ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇന്റര്‍പോള്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇന്റര്‍പോള്‍ ക്യാന്‍ബെറ ഓഫീസില്‍ നിന്ന് ഡല്‍ഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ആന്റണി രാജുവിന്റെ പേര് കത്തില്‍ പറയുന്നില്ല. എന്നാല്‍ ക്ലര്‍ക്കിനെ സംബന്ധിച്ച പരാമര്‍ശവും, തൊണ്ടി റജിസ്റ്ററിലെ ആന്റണി രാജുവിന്റെ ഒപ്പും ചേര്‍ത്തുവച്ചപ്പോള്‍ രാജുവിനെയും ക്ലാര്‍ക്ക് ജോസിനെയും പ്രതിചേര്‍ക്കാന്‍ 2006ല്‍ അസി. കമ്മിഷണര്‍ വക്കം പ്രഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതല്‍ പാടുപെടേണ്ടി വന്നില്ല.

1996 ജനുവരിയില്‍ ഇത്ര വ്യക്തതയോടെ ഈ കത്ത് കിട്ടിയിട്ടും കണ്ണുകെട്ടിയ മട്ടിലായിരുന്നു അന്നത്തെ പൊലീസ് അന്വേഷണം. പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും കാലമേറെ ചെന്നതിനാല്‍ കൂടുതല്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പരിദേവനം പറഞ്ഞാണ് 2002ല്‍ എം.എം. തമ്പി എന്നൊരു ഉദ്യോഗസ്ഥന്‍ കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. ആന്റണി രാജു എംഎല്‍എ ആയിരുന്ന 1996 മുതല്‍ 2001 വരെ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായിരുന്നു ആ നടപടിയെന്ന് ന്യായമായും സംശയിക്കാം.

സര്‍വലി കുറ്റവിമുക്തനായതിന് തൊട്ടുപിന്നാലെ ലഹരിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ ജയമോഹന്‍ ഹോക്കോടതി വിജിലന്‍സിനെ സമീപിച്ചതാണ് വഴിത്തിരിവായത്. തട്ടിപ്പ് സ്ഥിരീകരിച്ച് അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതോടെ 1994ല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും 2002ല്‍ എഴുതിത്തള്ളി. ടിപി സെന്‍കുമാറിന്റെ ഇടപെടലാണ് പിന്നീട് കേസില്‍ നിർണ്ണായകമായത്. 2006ല്‍ ഉത്തരമേഖല ഐജിയായിരുന്ന ടിപി സെന്‍കുമാര്‍ അന്വേഷണത്തിന് നിര്‍ദേശിച്ചതോടൊണ് കയ്യക്ഷര പരിശോധന അടക്കം നടന്നത്. ഈ ഇടപെല്‍ ഉണ്ടാകാതിരുന്നുവെങ്കില്‍ 2002ല്‍ തന്നെ കേസ് അവസാനിച്ചേനെ.