ന്യൂസ് ഡെസ്ക് മലയാളം യുകെ

2030 മുതൽ യുകെയിൽ പുതിയ പെട്രോൾ , ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുമെന്ന് ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് പറഞ്ഞത് പ്രായോഗികമാണോ എന്ന കാര്യത്തിൽ വൻ ചർച്ചകളാണ് രാജ്യത്ത് നടക്കുന്നത്. 7 വർഷത്തിനുള്ളിൽ വാഹന നിർമ്മാതാക്കൾ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ നിർമ്മാണം പൂർണമായി നിർത്തിവെച്ച് ആവശ്യമായ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കണം . നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാണെങ്കിലും പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വിലയാണ് വാഹനം മേടിക്കാൻ ആഗ്രഹിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുന്നത്.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് പറഞ്ഞു. എന്നാൽ ഭരണപക്ഷത്തു തന്നെ ഈ നയത്തിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില മുതിർന്ന ടോറി എം.പിമാർ സമയ പരുധി ഒഴിവാക്കാനും ഗ്രീൻ പോളിസികളിൽ ഇളവ് വരുത്തണമെന്നും പ്രധാനമന്ത്രി റിഷി സുനകിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കാലാവസ്ഥ പ്രതിസന്ധിയെ ലഘൂകരിക്കുന്നതിനുള്ള പല പദ്ധതികളും നടപ്പിലാക്കാൻ ബുദ്ധിമുട്ട് ഉള്ളതാണെങ്കിലും 2030 -തിലെ പെട്രോൾ ,ഡീസൽ നിരോധനവുമായി സർക്കാർ മുന്നോട്ട് തന്നെ പോകുമെന്ന് മൈക്കൽ ഗോവ് പറഞ്ഞു.

2020-ല്‍ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഗ്രീൻ ഇൻഡസ്ട്രിയൽ റവല്യൂഷൻ പ്ലാൻ പ്രഖ്യാപിച്ചത്. യുകെയുടെ നിരത്തുകളിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമായിരുന്നു . 2050 -ഓടെ കാർബൺ എമിഷൻ ഉന്മൂലനം നെറ്റ് സീറോ ആക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ അതിനുള്ള നടപടികൾ പ്രായോഗികമായിരിക്കണമെന്നുമാണ് പ്രധാനമന്ത്രി വിവാദങ്ങളോട് പ്രതികരിച്ചത്. എന്നാൽ നയം നടപ്പിലാക്കുന്നതിന് ജനങ്ങളെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നില്ലെന്ന അഭിപ്രായം ജനങ്ങൾക്ക് ഇടയിൽ ശക്തമാണ്. 2025 ഏപ്രിൽ മുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി അടയ്ക്കണമെന്ന് 2022 -ൽ ചാൻസിലർ ജെറമി ഹണ്ട് പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. ഫലത്തിൽ 2025 മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുതിച്ചുയരാൻ ഇത് കാരണമാവും.