ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗദി :- 2018 ൽ നാടുകടത്തപ്പെട്ട സൗദിയിൽ ജേണലിസ്റ്റ് ജമാൽ ഖഷോഗിയുടെ മരണത്തിനു സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ അനുമതി ഉണ്ടായിരുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഖഷോഗിയെ ഒന്നുകിൽ പിടികൂടാനോ കൊന്നുകളയാനോ ഉള്ള ഉത്തരവാണ് രാജകുമാരൻ പുറപ്പെടുവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം പ്രചരണങ്ങൾ വ്യാജമാണെന്നും, വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സൗദി അറേബ്യ പ്രതികരിച്ചു.

മുഹമ്മദ് രാജകുമാരനും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ഉറച്ചു വ്യക്തമാക്കി. ടർക്കിയിലെ ഇസ്താംബുളിൽ ഉള്ള സൗദി കോൺസുലേറ്റ് സന്ദർശിക്കുന്ന സമയത്താണ് ഖഷോഗി കൊല്ലപ്പെട്ടത്. 59 വയസ്സുകാരനായ ഖഷോഗി സൗദി ഗവൺമെന്റിന്റെ ഉപദേശകൻ ആയിരുന്നു. രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം , പിന്നീട് അകലുകയായിരുന്നു. ഇദ്ദേഹം പിന്നീട് യുഎസിലേക്ക് തന്റെ താമസം മാറ്റി.

ഇതിന് ശേഷം അദ്ദേഹം വാഷിംഗ്ടൺ പോസ്റ്റിൽ എല്ലാമാസവും രാജകുമാരന്റെ തെറ്റായ തീരുമാനങ്ങളെ സംബന്ധിച്ച ലേഖനങ്ങൾ എഴുതുക പതിവായിരുന്നു. ഇതേതുടർന്നാണ് ഖഷോഗിയെ കൊല്ലാൻ ഉള്ള തീരുമാനം രാജകുമാരൻ കൈക്കൊണ്ടതെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. സൗദി അറേബ്യയുമായുള്ള ആയുധ കച്ചവടങ്ങളും മറ്റും നിർത്തുവാൻ യുഎസ് തീരുമാനിക്കുന്നതിനായി പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് നിലവിൽ വ്യക്തമായിട്ടില്ല. രാജകുമാരനുമായി ആയിരിക്കുകയില്ല, മറിച്ച് അദ്ദേഹത്തിന്റെ പിതാവും ആയിട്ടായിരിക്കും പ്രസിഡണ്ട് ജോ ബൈഡൻ ചർച്ചകൾ നടത്തുക. തന്റെ മുൻഗാമിയായിരുന്ന ഡൊണാൾഡ് ട്രംപിനെക്കാളും കടുത്ത തീരുമാനങ്ങൾ ആയിരിക്കും ജോ ബൈഡന്റെ ഭാഗത്തുനിന്നും ഉണ്ടാവുക.