തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് നടന്നതായി ആരോപിക്കപ്പെടുന്ന ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) വിശദമായി ചോദ്യംചെയ്തു. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യൽ നാലു മണിക്കൂറിലേറെ നീണ്ടതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങളെയും കരാർ നടപടികളെയും കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്.
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട പദ്ധതിയുടെ രൂപീകരണം, സ്പോൺസർഷിപ്പ് കരാറുകൾ, പദ്ധതിക്കായി നടത്തിയ വിദേശയാത്രകൾ എന്നിവയെക്കുറിച്ചും എസ്‌ഐടി മൊഴിയെടുത്തതായി സൂചനയുണ്ട്. അന്നത്തെ സർക്കാരിന്റെയും കായിക വകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെക്കുറിച്ചും അന്വേഷണസംഘം വിശദാംശങ്ങൾ ശേഖരിച്ചു. മൊഴികളും രേഖകളും പരിശോധിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് അന്വേഷണവൃത്തങ്ങൾ അറിയിച്ചു.
അർജന്റീന ടീമിന്റെ കേരള സന്ദർശനം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നേരത്തേ മൊഴികൾ ശേഖരിച്ചിരുന്ന എസ്‌ഐടി, കേസിലെ സാഹചര്യങ്ങൾ കൂടുതൽ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മുൻമന്ത്രിയെയും ചോദ്യംചെയ്തത്.











Leave a Reply