ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതിനെ പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെയും പടനീക്കം. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയെന്ന് പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി. പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അതേ സമയം വിഷയത്തിൽ ഷാഫി പറമ്പിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാതെ ദില്ലിയിൽ ഫ്ലാറ്റിൽ തുടരുകയാണ് ഷാഫി പറമ്പിൽ. വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം പി. ഫ്ലാറ്റിനു മുന്നിൽ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി ബീഹാറിലേക്ക് പോതായിട്ടാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനെന്നാണ് വിശദീകരണം.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മർദിച്ചെന്നും ആരോപണമുണ്ട്. ഓഫീസ് ബോർഡ് മറിച്ചിട്ട പ്രതിഷേധക്കാർ ബോർഡിൽ കരിയോയിൽ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഓഫീസ് ആക്രമിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം നാലിന് കോണ്ഗ്രസ് പ്രവർത്തകർ പറവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
Leave a Reply