ഇന്ത്യയുടെ 15–ാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് ഏഴിനാണ് ചടങ്ങ്. മന്ത്രിസഭയിലെ മറ്റംഗങ്ങളും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്യത്ത് തുടര്‍ച്ചയായി ഭരണത്തിലെത്തുന്ന ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍ എന്ന നേട്ടത്തോടെയാണ് അധികാരക്കയറ്റം. മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ആരെല്ലാമാകും മന്ത്രിമാര്‍ എന്നത് സംബന്ധിച്ച തീരുമാനം പുറത്തുവന്നിട്ടില്ല.

2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. വിവിധ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ ലോകരാജ്യങ്ങളിലെ പ്രമുഖര്‍ ചടങ്ങുകള്‍ക്കെത്തുമെന്നാണ് സൂചന. 2014 ല്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നത്. ലോക നേതാക്കളുടെ സാന്നിധ്യം സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഗ്രഹിക്കുന്നതിനാല്‍ തിരക്കുകൂട്ടേണ്ടതില്ല എന്ന നിലപാടാണ് മോദി സ്വീകരിച്ചത്.

അതേസമയം നരേന്ദ്രമോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലേയും ജനക്ഷേമം മുന്‍നിര്‍ത്തി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും ഇമ്രാന്‍ഖാന്‍ വാഗ്ദാനം ചെയ്തതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.