സ്വന്തം ലേഖകൻ
പനി, തുടർച്ചയായ ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് കോവിഡ് 19 ന് ചികിത്സ തേടിയ പകുതിയോളം പേർക്ക് വൈറസ് ബാധ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. ആയിരത്തോളം വരുന്ന മുൻനിര ആരോഗ്യ പ്രവർത്തകരിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. മുൻപ് വൈറസ് ബാധ ശരീരത്തിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്ന ആന്റിബോഡി ടെസ്റ്റുകളിൽ 49 ശതമാനം പേരിലും നെഗറ്റീവ് റിസൾട്ട് ആണ് കാണിച്ചത്. ഇങ്ങനെയുള്ളവരിൽ ഒരുപക്ഷേ ടെസ്റ്റുകൾ അപ്രാപ്യമായ ടി സെല്ലുകൾ പോലെയുള്ള ഇമ്മ്യൂണിറ്റി കോശങ്ങളിൽ ആവാം വൈറസ് ബാധയേറ്റത് എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ.
ആന്റിബോഡി റെസ്പോൺസ് ആണ് ഇപ്പോൾ വ്യാപകമായി മുൻപു വൈറസ് ബാധ ഉണ്ടായിരുന്നോ എന്ന് തെളിയിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ മനുഷ്യ ശരീരത്തിൽ ഉണ്ടാവുന്ന ആന്റി ബോഡികൾ കാലക്രമേണ മാഞ്ഞുപോകാൻ സാധ്യതയുള്ളതുകൊണ്ട് ഇതിനെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല. എന്നിരുന്നാലും ഇപ്പോൾ പരിശോധിച്ച രോഗികളിൽ പകുതി പേർക്കും കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തൽ. സാധാരണ പനിയും ജലദോഷവും കോവിഡ് 19 ആണ് എന്ന് ജനങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ തണുപ്പ് കാലത്തോടെ ഉണ്ടാവാൻ സാധ്യതയുള്ള രണ്ടാം പകർച്ചയിൽ കൂടുതൽ പേർ രോഗികളായേക്കും. സാധാരണ പനി, ജലദോഷം പോലെയുള്ള രോഗങ്ങൾ വർദ്ധിക്കുന്ന സമയം കൂടിയാണ് തണുപ്പുകാലം. അതിനാൽ വ്യക്തിശുചിത്വം പാലിച്ചും, കോവിഡ് നിയമങ്ങൾ അനുസരിച്ചും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. ആയിരക്കണക്കിന് വരുന്ന മുൻനിര ആരോഗ്യ പ്രവർത്തകരിൽ നടത്തിയ പരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ എന്ന് പി എച്ച് ഇ എപ്പിടെമോളജിസ്റ് ആയ റാണിയ മുൾചന്താനി പറയുന്നു.
അതോടൊപ്പം പ്രായമായവരിലും പുരുഷന്മാരിലും ആണ് കോവിഡ് 19 മോശമായി ബാധിക്കുന്നതെന്നും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിൽ ഉള്ള 20 ശതമാനം പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. സ്ത്രീകളുടെ ശാരീരികമായ ഇമ്മ്യൂണിറ്റി പ്രത്യേകതകൾ കാരണം സ്ത്രീകൾക്ക് രോഗം ബാധിച്ചാലും ശ്വാസകോശത്തെയോ ശ്വേത രക്താണുക്കളെയോ ബാധിക്കുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കൊറോണ വൈറസ് പുരുഷന്മാരെയും ഒരു വിഭാഗം ആളുകളെയും കൂടുതലായി ബാധിക്കുന്നത് എന്നതിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
മഹാമാരി പടർന്നുപിടിച്ച് മാസങ്ങൾക്ക് ശേഷം മാത്രമാണ് രുചിമുകുളങ്ങളെയും ഗന്ധത്തെയും വൈറസ് ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയത് തന്നെ. അതിനാൽ രണ്ടാം വ്യാപനം ഉണ്ടായാൽ എടുക്കേണ്ട മുൻകരുതലുകളെ പറ്റി ശാസ്ത്രജ്ഞന്മാർ കൂടുതൽ ശ്രദ്ധാലുക്കളാണ്.
Leave a Reply