ന്യൂഡൽഹി: പെരിയ ഇരട്ട കൊലക്കേസിന്റെ അന്വേഷണം സി ബി ഐ യ്ക്ക് കൈമാറിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി ബി ഐ യ്ക്ക് അടിയന്തിരമായി കൈമാറാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാർ സഹകരിക്കാത്തത് കൊണ്ട് അന്വേഷണത്തിൽ കാര്യമായ പുരോഗതി നേടാൻ കഴിഞ്ഞില്ല എന്ന് സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പെരിയ ഇരട്ട കൊലപാതക കേസിൽ 2019 ഒക്ടോബറിൽ സി ബി ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി സി ബി ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്ക് പിന്നാലെ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗം ആയി ശരത്ത്ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിച്ചില്ല.

കേസ് ഡയറി നൽകണം എന്ന് ആവശ്യപ്പെട്ട് ഡി വൈ എസ് പി, എസ് പി, ഡി ഐ ജി, ഡി ജി പി വരെയുള്ള ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും ലഭിച്ചില്ല. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകണം എങ്കിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കേണ്ടത് ഉണ്ടെന്നും തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തികരിച്ച കേസ് സി ബി ഐ യ്ക്ക് കൈമാറേണ്ടത് ഇല്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനീന്ദർ സിങ്ങും, സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശും വാദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ചില കണ്ടെത്തലുകൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് ആണെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തെ കുറിച്ച് ആർക്കും പരാതി ഇല്ലായിരുന്നു. അന്വേഷണത്തിൽ പോരായ്മ ഉണ്ടെങ്കിൽ തുടർ അന്വേഷണം നിർദേശിക്കേണ്ടത് വിചാരണ കോടതി ആണെന്നും മനീന്ദർ സിംഗ് ചൂണ്ടിക്കാട്ടി. എന്നാൽ സി ബി ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് കൊണ്ട് വരാൻ കഴിയു എന്ന് ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾക്ക് വേണ്ടി ഹാജർ ആയ സീനിയർ അഭിഭാഷകൻ വി ഗിരിയും, അഭിഭാഷകൻ എം ആർ രമേശ് ബാബുവും കോടതിയിൽ വ്യക്തമാക്കി.

ഒരു മണിക്കൂർ നീണ്ടു നിന്നവാദത്തിന് ശേഷം ആണ് ജസ്റ്റിസ് എൽ നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിയത്. സംസ്ഥാന സർക്കാരിന്റെ വാദത്തോട് യോജിക്കാൻ കഴിയുന്നില്ല എന്നും ജസ്റ്റിസ് നാഗേശ്വർ റാവു ഹർജി തള്ളി കൊണ്ട് വ്യക്തമാക്കി