കണ്ണിൽച്ചോരയില്ലാത്ത ആ കൊടുംക്രൂരതയ്ക്കുമുന്നിൽ പോലീസിന്റെ അക്ഷീണപ്രയത്നം. ഒൻപതാം നാൾ പ്രതി പിടിയിൽ. ഉറങ്ങിക്കിടന്ന ഒൻപതു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് ഇക്കഴിഞ്ഞ 15-ന്. അന്നു പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയ അന്വേഷണം കൃത്യം ഒൻപതാംദിവസമായ വ്യാഴാഴ്ച പ്രതിയിലേക്കെത്തി. അതും അങ്ങകലെ ആന്ധ്രപ്രദേശിലെ അഡോനിയിൽച്ചെന്ന്.

പ്രതി കുടക് സ്വദേശി പി.എ.സലീമാണെന്ന് തിരിച്ചറിഞ്ഞതു മുതൽ പോലീസ് സംഘം കർണാടകയിലേക്ക്‌ പോയി. അവിടെ കുടകിലെ വീട്ടിലെത്തിയിരുന്നെങ്കിലും അന്നുതന്നെ ഇയാൾ മുങ്ങിയിരുന്നു. ഇയാളുടെ ബന്ധുവീടുകളും ഇയാൾ പോകാൻ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. കണ്ണൂരും കാസർകോട്ടും കുടകിലും മടിക്കേരിയിലും മൈസൂരുവിലും രത്നഗിരിയിലും വരെ പോലീസെത്തി. ഓരോ ഇടത്തുമെത്തി രാപകലില്ലാതെ അന്വേഷണം. കാട്ടിലും നാട്ടിലും ആളൊഴിഞ്ഞ ഇടങ്ങളിലുമെല്ലാം പോലീസ് പ്രതിയെ തിരഞ്ഞു. ഫോൺ ലോക്കേഷൻ നോക്കിയുള്ള പ്രതിയെ പിന്തുടരൽ രീതി ഇവിടെ സാധ്യമായിരുന്നില്ല.

സലീമിന് സ്വന്തമായി ഫോണില്ലെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളുടെ ഭാര്യയുടെയും മാതാവിന്റെയും കുടകിലെ പെൺസുഹൃത്തിന്റെയുമൊക്കെ ഫോൺനമ്പർ വാങ്ങി നീരീക്ഷിച്ചു. ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ആന്ധ്രയിൽനിന്ന് കുടകിലെ പെൺസുഹൃത്തിനൊരു കോൾ. ആ സമയം മൈസുരൂ മാണ്ഡ്യയിലുണ്ടായിരുന്ന എസ്.ഐ. അബൂബക്കർ കല്ലായി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജു കരിവെള്ളൂർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീഷ് കാസർകോട്, നിഖിൽ അച്ചാംതുരുത്തി എന്നിവർ ആന്ധ്രയിലേക്ക് കുതിച്ചു.

ആറംഗ പോലീസ് സംഘം ആന്ധ്രപ്രദേശിലെ അഡോനിയിലെത്തി അവിടത്തെ ഇൻസ്പെക്ടറുടെ സഹായത്തോടെ പലയിടത്തായി തിരഞ്ഞു. ഒടുവിൽ അവിടത്തെ റെയിൽവേ സ്റ്റേഷനിലുമെത്തി. പിടിക്കപ്പെട്ട ആദ്യ നിമിഷം പ്രതി പറഞ്ഞത് അങ്ങനെയൊരു സംഭവമേ അറിയില്ലെന്നാണ്. എന്നാൽ, പോലീസിന്റെ കനപ്പെട്ട ചോദ്യത്തിനുമുന്നിൽ ഇയാൾക്ക് പിടിച്ചുനിൽക്കാനായില്ല. കുറ്റം സമ്മതിച്ചു. തുടർന്ന് പോലീസ് വാഹനത്തിൽ നാട്ടിലേക്ക് തിരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30-ഓടെ കാസർകോട്ടും രാത്രി ഒൻപതോടെ ഹൊസ്ദുർഗ് സ്റ്റേഷനിലുമെത്തിച്ചു.

കുട്ടിയെ പീഡിപ്പിച്ച ദിവസം രാവിലെ 8.30-നാണ് ഇയാൾ ബാഗുമെടുത്ത് ഞാണിക്കടവിലെ വീട്ടിൽനിന്നിറങ്ങിയത്. ആദ്യ ദിവസം പോലീസ് ഇയാളുടെ പിറകെയൊന്നുമുണ്ടായിരുന്നില്ല.

രണ്ടാംദിവസം നേരിയ സൂചന കിട്ടിയപ്പോൾ തന്നെ പോലീസ് കുടകിലേക്ക് പോയി. അപ്പോഴേക്കും സലീം കുടകിൽനിന്ന് മടിക്കേരിയിലേക്ക് പോയി. പോലീസ് അവിടെയെത്തിയപ്പോഴേക്കും ഇയാൾ മൈസൂരുവിലെത്തി. ബെംഗ്‌ളൂരുവിലും രത്നഗിരിയിലും മുംബൈയിലേക്കും തീവണ്ടിയിൽ സഞ്ചരിച്ചു. ആറുദിവസം എങ്ങോട്ടെന്നില്ലാത്ത യാത്ര. ആന്ധ്രപ്രദേശ് അഡോനിയിലെ റെഡ് ചില്ലീസ് എന്ന ഹോട്ടലിലെത്തി പണി അന്വേഷിച്ചു. ഹോട്ടൽ ജോലിക്കിടെയാണ് അവിടെയുള്ള ഒരാളുടെ ഫോൺ വാങ്ങി പെൺസുഹൃത്തിനെ വിളിച്ചത്.

ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച മകനെ മനംനൊന്ത് ശപിക്കുന്നു പ്രതിയുടെ മാതാവ്. കുടകിലെ വീട്ടിലെത്തിയ പോലീസിനോട് മാതാവ് കണ്ണീർത്തൂകിപ്പറഞ്ഞു, ‘അവനെ കിട്ടിയാൽ അറിയിക്കണം.

ശിക്ഷ വാങ്ങിക്കൊടുക്കണം. പള്ളിയിൽ നേർച്ച നേർന്നിട്ടുണ്ട്…’ സലീമിനെത്തേടിയെത്തിയ പോലീസിന് കുടകിൽനിന്ന് കിട്ടിയത് നിർണായകമായ ഒട്ടേറെ വിവരങ്ങളാണ്. പിടിച്ചുപറിയും തട്ടിപ്പും പശുവിനെയും ആടിനെയും മോഷ്ടിക്കലുമൊക്കെയായി ഒരു പിടി കേസുകളുണ്ട് ഇയാൾക്ക് കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ. ചെറുപ്പത്തിലേ വിവാഹിതനായി. 15 വർഷം മുൻപാണ് കാഞ്ഞങ്ങാട്ടെ യുവതിയെ കല്യാണം കഴിച്ചത്. അതിനുശേഷം കുടകിലും കാഞ്ഞങ്ങാട്ടുമായി താമസിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ കുറച്ചു വർഷം ഗൾഫിലേക്ക്‌ പോയി. നാട്ടിലെത്തിയ ശേഷം ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ ഹോട്ടൽപ്പണിയെടുത്തു. നാട്ടിലുള്ളപ്പോൾ ഇടയ്ക്ക് കൂലിപ്പണിക്ക് പോകും.

ഞാണിക്കടവിലെ വീട്ടിൽ കുടക് സ്വദേശിയായ ഒരാൾ താമസിക്കുന്നുണ്ടെന്നല്ലാതെ സലീമിനെക്കുറിച്ച് അയൽപ്പക്കക്കാർക്കുപോലും കാര്യമായൊന്നും അറിയില്ല. മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുമെന്ന് അയൽവാസികൾ പറയുന്നു. 13 വയസ്സുകാരനടക്കം നാല്‌ മക്കളുണ്ട്. ഇയാളുടെ ഭാര്യ വീട്ടുവേലയ്ക്ക് പോയാണ് കുടുംബം പുലർത്തുന്നത്. പകൽ ഇയാൾ വീട്ടിൽ കഴിച്ചുകൂട്ടും.

രാത്രി പുറത്തേക്കിറങ്ങും. തോട്ടിൽ മീൻപിടിക്കാൻ പോകുന്നുണ്ടെന്ന്‌ പറഞ്ഞാണ് നട്ടപ്പാതിരയ്ക്ക് പുറത്തേക്ക്‌ പോകുക. താമസിക്കുന്നിടത്തെ വിവിധ സ്ഥലങ്ങളിലും തൊട്ടടുത്ത പ്രദേശങ്ങളിലുമെല്ലാം പുലരുവോളം നടക്കും. ഈ നടത്തം കവർച്ച നടത്താനുള്ള സൗകര്യത്തെ നോക്കിയുള്ളതാണെന്ന് വീട്ടുകാർക്ക് മനസ്സിലായത് ഇപ്പോഴാണ്.

ഒരു വർഷം മുൻപ് ഞാണിക്കടവിലെ വീട്ടിൽനിന്ന് മൊബൈൽ ഫോൺ കാണാതിയിരുന്നു. അതിനുപിന്നിൽ സലീമാണെന്ന് പോലീസ് സംശയിക്കുന്നു. കാരണം, ഏതാനും ദിവസം മുൻപ് ഇതേവീട്ടിൽ സലീം എത്തിയിരുന്നു. പുലർച്ചെ നാലിന് ജനാലയ്ക്കരികെ ഇയാളെ കണ്ടിരുന്നുവെന്ന് ഈ വീട്ടുകാരി പോലീസിനോട് പറഞ്ഞതാണ് അന്വേഷണത്തിന്‌ തുമ്പായത്. തീരദേശഗ്രാമത്തിലെ ഒരു വീട്ടിലും ഇയാൾ കയറിയിരുന്നു.

പുലർച്ചെ വീട്ടിൽ കയറിയ ഇയാൾ സ്ത്രീയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചോടി. ഇവിടെനിന്ന് മൂന്നരക്കിലോമീറ്റർ വടക്കുള്ള ഒരു വീട്ടിലെ സി.സി.ടി.വി. ദൃശ്യത്തിൽ ഇയാൾ ഓടുന്നത് കണ്ടിരുന്നു. ഈ സ്ത്രീ പറഞ്ഞതും പോലീസ് അന്വേഷണത്തിന്‌ നിർണായകമായി.

പിടിയിലായ സലീമിന്റെ കൈയിൽ ഫോണുണ്ടായിരുന്നില്ല. അതിനാൽ ലൊക്കേഷൻ നോക്കി പിന്തുടരാൻ സാധിച്ചില്ല. എങ്കിലും കിട്ടിയ സൂചനയുടെ പിന്നാലെ പോലീസ് സഞ്ചരിച്ചു. ആദ്യം കുടകിലും പിന്നീട് മടിക്കേരിയിലും മൈസൂരുവിലും ഒടുവിൽ ബെംഗളൂരുവിലുംവരെ ഇയാൾക്കുപിന്നാലെ പോലീസുമെത്തി. പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒരിടത്തും തങ്ങാതെ ആന്ധ്രയിലേക്ക്‌ പോകുകയായിരുന്നു. ഇയാൾ പോകാനിടയുള്ള ബന്ധുവീടുകളും പോലീസ് നീരിക്ഷിച്ചു.

കുടകിലെ പെൺസുഹൃത്തിന്റെ ഫോൺനമ്പർ അന്വേഷണസംഘത്തിന്റെ കൈയിലുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് ആന്ധ്രപ്രദേശിലെത്തിയത്. ബുധനാഴ്ച വൈകിട്ട് ഒരാളുടെ മൊബൈൽ ഫോണിൽനിന്ന് പ്രതി പെൺസുഹൃത്തിനെ വിളിച്ചു.

ഫോൺ ലൊക്കേഷനെടുത്ത പോലീസ് ആന്ധ്രയിലേക്ക്‌ തിരിക്കുകയായിരുന്നു. കവർച്ചചെയ്ത കമ്മൽ ഇയാൾ കാഞ്ഞങ്ങാട്ട് വിറ്റതായും പോലീസിന്‌ മനസ്സിലായിട്ടുണ്ട്‌.