കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിനെതിരേ പി.ജെ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

നേരത്തെ കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ജോസഫ് കോടതിയെ സമീപിച്ചത്.

ജോസഫിന്റെ ഹര്‍ജിയില്‍ ആദ്യം ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരുന്നു.

തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭൂരിപക്ഷ വിധിയോട് യോജിച്ചു കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.

മേല്‍ക്കോടതിയെ സമീപിക്കുക എന്ന നിയമപരമായ മാര്‍ഗം മാത്രമാണ് പി.ജെ. ജോസഫിന് മുന്‍പിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം ആവേശത്തിലേക്ക് കടക്കുന്ന വേളയിലാണ് ജോസഫിന് പ്രതികൂലമായ വിധി വന്നിരിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് സമയത്താണ് ചിഹ്നത്തെ ചൊല്ലി ജോസ് കെ.മാണി വിഭാഗവും ജോസ് കെ. മാണി വിഭാഗവും കൊമ്പുകോര്‍ത്തത്.

ഹൈക്കോടതി വിധിക്കെതിരേ തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്നും സ്റ്റേ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു.