സമ്മര്‍ദ്ദം ചെലുത്തി വീടുകളില്‍ സ്ഥാപിച്ച സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ പ്രവര്‍ത്തന രഹിതം. 20 ലക്ഷത്തിലേറെ വീടുകളിലെ മീറ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ സേവനദാതാക്കളെ മാറിയാല്‍ കണക്ടാകാതിരിക്കാനോ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കാനോ സാധ്യതയുള്ളവയാണ് 15 ശതമാനത്തോളം മീറ്ററുകളെന്നും കണ്ടെത്തി. 2.3 മില്യന്‍ ഡിവൈസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബിബിസി നടത്തിയ അമ്പേഷണത്തില്‍ വ്യക്തമായത്. 440 മില്യന്‍ പൗണ്ട് ചെലവഴിച്ച് സ്ഥാപിച്ച മീറ്ററുകളാണ് ഇപ്പോള്‍ യാതൊരു ഉപകാരവുമില്ലാതെ വെറുതെയിരിക്കുന്നത്. ഊര്‍ജ്ജോപഭോഗം കുറയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
വീടിനു പുറത്ത് സ്ഥാപിച്ച മീറ്റര്‍ കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആന്‍ഡ് ബാനിസ്റ്റര്‍ എന്ന ഉപഭോക്താവ് പറയുന്നു. ഇത് സ്ഥാപിക്കുന്നതിലുള്ള താല്‍പര്യം തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ക്ക് ഇല്ലെന്നാണ് ആന്‍ഡി പറയുന്നത്. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ്, വൈദ്യുതി എന്നിവയുടെ അളവ് സ്വയം കണക്കാക്കുന്ന ഉപകരണമാണ് ഇത്. വിവരങ്ങള്‍ സ്‌ക്രീനില്‍ കാണുകയും ചെയ്യാം. എന്നാല്‍ സേവനദാതാവിനെ മാറ്റിയാല്‍ ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതായാണ് കണ്ടു വരുന്നത്. ഓട്ടോമാറ്റിക് മീറ്റര്‍ റീഡിംഗുകള്‍ അയക്കുന്നതും എനര്‍ജി ചെലവ് എത്രയാണെന്ന് കാണിക്കുന്നതും ഇല്ലാതാകുകയാണ് ചെയ്യുന്നത്.
എട്ടു ലക്ഷം രണ്ടാം തലമുറ സ്മാര്‍ട്ട് മീറ്ററുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പവര്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന എനര്‍ജി യുകെ ബിബിസിക്ക് നല്‍കിയ വിവരം. 2012 മുതല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിലൂടെ എനര്‍ജി ഉപയോഗത്തിന്റെ കൃത്യമായ കണക്ക് ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇതിലൂടെ ജനങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ ലാഭമുണ്ടാകുന്നുണ്ട്. തകരാറിലായ ഡിവൈസുകള്‍ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് പൂര്‍ത്തിയാകുമെന്നും വക്താവ് അറിയിച്ചു.
Leave a Reply