ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടികളിൽ എത്രമാത്രം സമൂഹമാധ്യമങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ലോകമെമ്പാടും വൻ ചർച്ചാവിഷയമാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള നടപടികൾ യുകെ ആരംഭിച്ചതായി ഉള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പലപ്പോഴും കൊച്ചുകുട്ടികൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പരാജയമാണെന്ന ആക്ഷേപം ശക്തമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യപ്പെടുന്ന പല കാര്യങ്ങളും കുട്ടികളിൽ പലരീതിയിലുള്ള സ്വഭാവ ദൂഷ്യങ്ങളിലേയ്ക്കും മാനസികാരോഗ്യ പ്രശ്നങ്ങളിലേയ്ക്കും വഴി വെക്കുന്നതായുള്ള കണ്ടെത്തലാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിരോധനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിന് ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞതാണ് യുകെയിൽ വിഷയം വീണ്ടും ചർച്ചയാകാൻ കാരണമായത്. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ വിവിധ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ലണ്ടനിലെ വിവിധ സ്കൂളുകളിൽ സന്ദർശിച്ച ഋഷി സുനക് പ്രസ്തുത വിഷയത്തിൽ കുട്ടികളുമായി സംവാദങ്ങൾ നടത്തിയിരുന്നു , സമൂഹമാധ്യമങ്ങളിലെ അമിത ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയും സാമൂഹിക ജീവിതത്തെയും പഠനത്തെയും കാര്യമായി ബാധിക്കുന്നതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് .


സമൂഹമാധ്യമങ്ങളിൽ കൂടി കുട്ടികളിൽ അപകടകരമാകുന്ന ഉള്ളടക്കങ്ങൾ എത്തുന്ന സംഭവങ്ങളിൽ സമൂഹമാധ്യമ കമ്പനികളുടെ വരുമാനത്തിന്റെ 10 ശതമാനം പിഴ ഈടാക്കാനുള്ള ഓൺലൈൻ സേഫ്റ്റി ആക്ട് അടുത്തിടെയാണ് യുകെയിൽ നിലവിൽ വന്നത്. കുട്ടികളെ സമൂഹമാധ്യമങ്ങളിലെ ചതിക്കുഴിയിൽ നിന്ന് സുരക്ഷിതമാക്കുന്നതിനായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഋഷി സുനകിന്റെ വക്താവ് കാമില മാർഷൽ പറഞ്ഞു. നിരോധനത്തിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നിട്ടില്ലെന്നാണ് സൂചനകൾ . സോഷ്യൽ മീഡിയയുടെ ഉപയോഗം മൂലം കൗമാരക്കാർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ യുകെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകൂടാതെ ഓൺലൈൻ ഗെയിമുകളുടെ സ്വാധീനം പല അപകടങ്ങളിലും കുട്ടികളെ കൊണ്ട് ചെന്ന് എത്തിക്കുന്നതും സർക്കാരിൻറെ മുന്നിലുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചായിരിക്കും നിരോധനമാണോ , നിയന്ത്രണമാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്