ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറിക്കൊണ്ടിരുന്ന വാക്സിൻ വിതരണം താളം തെറ്റിയതിന്റെ ആശങ്കയിലാണ് ബ്രിട്ടൻ. സിറം ഇൻസ്റ്റ്യൂട്ട് ഇന്ത്യയിൽനിന്ന് വാക്സിൻ ലഭ്യമാകാൻ 4 ആഴ്ച കാലതാമസം നേരിടുന്നതാണ് രാജ്യത്തെ വാക്സിൻ വിതരണം താറുമാറാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ഇന്ത്യയിൽ കോവിഡ് -19 വ്യാപനം കുതിച്ചുയരുന്നതാണ് വാക്സിൻ കയറ്റുമതി നിയന്ത്രിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കോവിഡ് പടർന്നുപിടിക്കുന്ന ഇന്ത്യയിലെയും മറ്റു വികസ്വര രാജ്യങ്ങളിലെയും പ്രതിരോധ കുത്തിവെയ്പ്പിൻെറ വർദ്ധിച്ച ആവശ്യകതയെ കുറിച്ചും മറ്റുള്ള രാജ്യങ്ങളോട് ക്ഷമയോടെ ഇരിക്കാനും കഴിഞ്ഞമാസം അദാർ പൂനവല്ല ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ ഗവൺമെൻറിൻറെ ഇടപെടൽ മൂലമാണ് യുകെയിലെ വാക്സിൻ വിതരണം തടയപ്പെട്ടത് എന്നത് ബ്രിട്ടനിൽ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കർഷക സമരത്തിന് ബ്രിട്ടൻ നൽകിയ പിന്തുണയ്ക്കുള്ള പ്രതികാര നടപടിയാണ് ബ്രിട്ടനിലേയ്ക്കുള്ള വാക്സിൻ വിതരണം മോദി സർക്കാർ തടഞ്ഞത് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നുവന്നിരിക്കുന്നത്.എന്നാൽ വാക്സിൻ വിതരണത്തിൽ സംഭവിച്ചിരിക്കുന്ന താളപ്പിഴകൾ യുകെയുടെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഇളവ് വരുത്തുന്നതിന് ബാധിക്കില്ല എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പ്രതിരോധകുത്തിവെയ്പ്പ് നല്കുന്നതിൽ രാജ്യം ഇപ്പോഴും ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏപ്രിൽ 15നകം 50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ അവസാനത്തോടെ ജനസംഖ്യയിലെ എല്ലാ മുതിർന്നവർക്കും ആദ്യ ഡോസ് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു.