ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയിരുന്ന ജൂനിയർ റെഡ്ക്രോസ്സ് നെടുമങ്ങാട് സബ് ജില്ലാ കോർഡിനേറ്ററും അധ്യാപികയും ആയ മുംതാസ് ടീച്ചർ മരണത്തിനു കീഴടങ്ങി.
നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയും മരിച്ചു. അഴിക്കോട് വളപ്പെട്ടി സ്വദേശിനി മുംതാസാണ് മരിച്ചത്. മുംതാസിന്റെ മാതാവ് താഹിറ (67) പുലർച്ചെ തന്നെ മരിച്ചിരുന്നു. ഇരുവരെയും വെട്ടിയശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പുലർച്ചെ 4.30നാണ് കുടുംബവഴക്കിനെ തുടർന്നാണ് ക്രൂരകൃത്യം അരങ്ങേറിയത്. നെടുമങ്ങാട് ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബർ നാളെ സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് അലി അക്ബർ മുംതാസിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് താഹിറയ്ക്ക് വെട്ടേറ്റത്.ഇയാൾ വീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് താഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം.

പത്തു വർഷമായി ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടിൽ തന്നെയായിരുന്നു താമസം. താഹിറ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അലിയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മുംതാസും മരണത്തിനു കീഴടങ്ങിയത്. ഒരു മകനുണ്ട്