സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ചൈനയിൽ കണ്ടെത്തിയ കോറോണ വൈറസ് ഭീതിയിലാണ് ലോകം മുഴുവനും. 2019 അവസാനമാണ് ന്യൂമോണിയ വൈറസിന് സമാനമായ ഈ വൈറസിനെ ചൈനയിൽ കണ്ടെത്തുന്നത്. ‘സാർസ്’ എന്നും ‘മെർസ് ‘ എന്നും പേരുകൾ ഉള്ള രണ്ടു വൈറസുകളുമായി കോറോണ വൈറസിന് സാമ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. സാർസ് അഥവാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം 2002-ൽ ആദ്യമായി ചൈനയിൽ കണ്ടെത്തുകയും, ഏകദേശം 774 ആളുകളുടെ മരണത്തിന് ഇടയാവുകയും ചെയ്തു. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം അഥവാ മെർസ് മൂലം ഏകദേശം 787 ആളുകൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മരണപ്പെട്ടു.


കൊറോണ വൈറസ് എന്നത് ഒരു വലിയ കൂട്ടം വൈറസുകൾക്ക് നൽകുന്ന പേരാണ്. ഇതിൽ മിക്കവാറുമുള്ള എല്ലാം വൈറസുകളും മൃഗങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തൽ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ ഒരു ഭക്ഷ്യ മാർക്കറ്റാണ്ഈ വൈറസിന്റെ ഉത്ഭവകേന്ദ്രം എന്ന് കരുതപ്പെടുന്നു.

മൂക്കൊലിപ്പ്, തലവേദന, പനി, ചുമ, തുടങ്ങിയവയാണ് രോഗലക്ഷണങ്ങളായി പറയപ്പെടുന്നത്. ശ്വാസംമുട്ടൽ, ശരീരവേദന, വിറയൽ തുടങ്ങിയവ കുറേക്കൂടി അപകടകാരികളായ കൊറോണ വൈറസുകൾ മൂലം ഉണ്ടാകുന്നു. പലപ്പോഴും ഇവ ന്യൂമോണിയ, കിഡ്നി ഫെയിലെർ എന്നിവയിലേക്ക് വഴിതെളിക്കുകയും, രോഗിയുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഈ വൈറസിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടന ലോകം മുഴുവനും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സൗത്ത് കൊറിയയിലും ഈ രോഗം കണ്ടുപിടിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.