ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂൺമാസം മുതൽ വോഡാഫോൺ അതിൻറെ 3 G നെറ്റ്‌വർക്കിലൂടെയുള്ള സേവനം യുകെയിൽ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ഘട്ടം ഘട്ടമായി നിർത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് 3 G നെറ്റ്‌വർക്കിലെ സേവനങ്ങൾ അവസാനിപ്പിക്കുന്ന ആദ്യത്തെ കമ്പനിയായിരിക്കും വോഡാഫോൺ. കൂടുതൽ വേഗതയേറിയ 4G, 5 G നെറ്റ് നെറ്റ്‌വർക്കുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.


എന്നാൽ ഈ നടപടി ഒട്ടേറെ ഉപഭോക്താക്കളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കൂടുതലായും അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാതാകും . പഴയ ഫോണുകളിൽ 4G, 5 G നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രായമായ പലരും നിലവിലും 3G നെറ്റ്‌വർക്ക് മാത്രം ഉപയോഗിക്കാവുന്ന ഫോണുകൾ ആണ് ഉപയോഗിക്കുന്നത്.


എന്നാൽ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വോഡാഫോൺ പരാജയപ്പെട്ടെന്ന വിമർശനം ശക്തമാണ്. കമ്പനിയുടെ നടപടി ഉപഭോക്ത താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഡിജിറ്റൽ പോവർട്ടി അലയൻസ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും 3 G നെറ്റ്‌വർക്ക് മാത്രം ലഭ്യമായ തങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കുമെന്ന് വോഡഫോൺ പറഞ്ഞു. 3 G നെറ്റ്‌വർക്കിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞതാണ് കമ്പനിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് വോഡാഫോൺ ചീഫ് നെറ്റ്‌വർക്ക് ഓഫീസർ ആൻഡ്രിയ ഡോണ പറഞ്ഞു